കൊറോണ ദുരിതത്തിനിടെ കേരളത്തിന് പ്രളയ സഹായമായി കേന്ദ്രത്തിന്റെ 460.77 കോടി

കൊറോണ ദുരിതത്തിനിടെ കേരളത്തിന് പ്രളയ സഹായമായി കേന്ദ്രത്തിന്റെ 460.77 കോടി

കേരളത്തിന് 460 കോടിയുടെ കേന്ദ്രസഹായം. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് കേരളത്തിന് 460.77 കോടി രൂപയുടെ സഹായം ലഭിക്കും. കേരളമടക്കം എട്ടു സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ(എൻഡിആർഎഫ്) നിന്ന് 5,751.27 കോടിയുടെ അധിക ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണു ധനസഹായം നൽകാൻ തീരുമാനമായത്.

കോവിഡ് വൈറസ് ബാധ കേരളത്തെ രൂക്ഷമായി ബാധിച്ചിരിക്കെയാണ് പ്രളയ സഹായമായി കോടികൾ സംസ്ഥാനത്തിനു ലഭിക്കുന്നത്. കേരളത്തിനു പുറമേ ബിഹാർ(953.17 കോടി), മഹാരാഷ്ട്ര(1758.18 കോടി), നാഗാലാൻഡ്(177.37 കോടി), ഒഡിഷ(1758.18 കോടി), രാജസ്ഥാൻ(1119.98 കോടി), ബംഗാൾ(1090.68 കോടി) സംസ്ഥാനങ്ങൾക്കാണു കേന്ദ്ര സഹായം ലഭിക്കുക.

പ്രളയം, മണ്ണിടിച്ചിൽ, ബുൾബുൾ ചുഴലിക്കാറ്റ്, വരൾച്ച തുടങ്ങിയവയിൽ ഈ സംസ്ഥാനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണു ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് സഹായം ലഭിക്കുന്നത്. മൃഗസംരക്ഷണ മേഖലയിൽ വരൾച്ച കൊണ്ടുണ്ടായ ദുരിതങ്ങൾക്കുള്ള സഹായമായി 11.48 കോടിയുടെ അധിക സഹായം കർണാടകയ്ക്കും പ്രഖ്യാപിച്ചു.

Share this story