ലോക്ക് ഡൗൺ; ഉത്തരേന്ത്യയിൽ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് കൂട്ടപ്പലായനം

ലോക്ക് ഡൗൺ; ഉത്തരേന്ത്യയിൽ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് കൂട്ടപ്പലായനം

കൊറോണ രോഗബാധ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തരേന്ത്യയിൽ ജനങ്ങളുടെ കൂട്ടപ്പലായനം. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കാണ് ജനങ്ങൾ കൂട്ടമായി ഒഴുകുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം അടങ്ങിയ സംഘമാണ് ഇത്തരത്തിൽ ജീവിതം മറ്റൊരിടത്തേക്ക് പറച്ചുനടാൻ ഒരുങ്ങുന്നത്.

വാഹന സൗകര്യമില്ലാത്തതിനാൽ നൂറു കിലോമീറ്ററുകളോളം താണ്ടിയാണ് പലരും ഗ്രാമങ്ങളിലേക്ക് പോകുന്നതെന്നാണ് വിവരം. ഇത്രയും ദൂരം പോകുന്നതിന് അവശ്യമായ ഭക്ഷണമോ വെള്ളമോ ഇവരുടെ കൈവശമില്ലെന്നതും ഞെട്ടിക്കുന്നുണ്ട്.

ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് ആളുകൾ പ്രധാനമായും ഒഴിഞ്ഞു പോകുന്നത്. സാധാരണ ജനങ്ങളാണ് ഇത്തരത്തിൽ നഗരം വിട്ടുപോകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊതുഗതാഗതം നിരോധിച്ചിരിക്കുകയാണെങ്കിലും നിരവധി പേർ ബസ് സ്റ്റാൻഡുകളിലേക്ക് എത്തുന്നുണ്ട്. വാഹനം കിട്ടാതെ വരുന്നതോടെയാണ് ആളുകൾ നടന്നു പോകാൻ തീരുമാനിച്ചത്. ആഗ്രയിലേക്കും ലക്നൗവിലേക്കുമുള്ള ഹൈവേകളിലൊക്കെ ഇത്തരത്തിൽ നടന്നുപോകുന്ന ആളുക്കൂട്ടങ്ങൾ ദൃശ്യമാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹി ആനന്ദ് വിഹാറിലെ ദേശീയ പാതയിൽ ഇത്തരത്തിലെത്തിയ ആളുകളുടെ ദുരിതങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. തുടർന്ന് ഉത്തർപ്രദേശ് സ്ഥലത്ത് എത്തി ഇവർക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പിന്നെയും ആൾക്കൂട്ടങ്ങൾ രക്ഷാമാർഗം നേടി നടന്നുകൊണ്ടിരിക്കുകയാണ്.

Share this story