25,000 കുടുംബങ്ങളെ ലോക്ക് ഡൗണിൽ ഏറ്റെടുത്ത് സൽമാൻ; പണം നേരിട്ട് അക്കൗണ്ടിലേക്ക്

25,000 കുടുംബങ്ങളെ ലോക്ക് ഡൗണിൽ ഏറ്റെടുത്ത് സൽമാൻ; പണം നേരിട്ട് അക്കൗണ്ടിലേക്ക്

കൊവിഡ് ബാധയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 25,000 കുടുംബങ്ങളെ ഏറ്റെടുത്ത് സൽമാൻ ഖാൻ. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസാണ് (എഫ്ഡബ്ലുഐസിഇ) ഈ വാർത്ത പുറത്തുവിട്ടത്.

താരം ഏറ്റെടുക്കുന്നത് സിനിമാ മേഖലയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ആളുകളുടെ കുടുംബങ്ങളെയാണ്. 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാരംഗത്ത് ബുദ്ധിമുട്ടിലായത് ദിവസവേതനക്കാരായിരുന്നു.

ദിവസവേതനക്കാരെ സഹായിക്കുന്നതിനായി സൽമാൻ ഖാൻ തങ്ങളെ സമീപിച്ചത് സൽമാന്റെ ബീയിംഗ് ഹ്യൂമൺ ഫൗണ്ടേഷനിലൂടെയാണെന്ന് എഫ്ഡബ്ലുഐസിഇ പ്രസിഡന്റായ എ ബി തിവാരി പറഞ്ഞു. ‘അവർ വിളിച്ചത് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ്. ഞങ്ങൾ അഞ്ച് ലക്ഷം പേരുണ്ട്. അതിൽ തന്നെ കാൽ ലക്ഷം പേരാണ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബിയിംഗ് ഹ്യൂമൺ അധികൃതർ അവരുടെ സ്വന്തം നിലയ്ക്ക് തൊഴിലാളികളെ നോക്കിക്കൊള്ളാം എന്ന് വ്യക്തമാക്കി.

തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിഞ്ഞു. തൊഴിലാളികളിലേക്ക് പണം എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനായിരുന്നു അത്.’ വാർത്താ ഏജൻസിയായ പിടിഐയോട് തിവാരി പറഞ്ഞു. ‘ബാക്കിയുള്ളവർക്ക് ഒരു മാസം വരെ പിടിച്ച് നിൽക്കാൻ കഴിഞ്ഞേക്കും. കൂടാതെ അവർക്ക് വേണ്ടി റേഷൻ പാക്കറ്റുകളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. പക്ഷേ ലോക്ക് ഡൗൺ ആയതിനാൽ അവർക്ക് അത് ഇവിടെ വന്ന് വാങ്ങാൻ കഴിയുന്നില്ല.

തൊഴിലാളികളിലേക്ക് റേഷൻ എത്തിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണ്. തങ്ങൾ തൊഴിലാളികളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ നിരവധി ആളുകളെ സമീപിച്ചിരുന്നു. എന്നാൽ ഭൂരിഭാഗത്തിന്റെ കൈയിൽ നിന്ന് മറുപടിയെന്നും ലഭിച്ചില്ല.’ തിവാരി കൂട്ടിച്ചേർത്തു

Share this story