മക്കയും റോമും വരെ അടച്ചു; മതമേതായാലും ജീവനാണ് വലുത്: കേജ്‌രിവാൾ

മക്കയും റോമും വരെ അടച്ചു; മതമേതായാലും ജീവനാണ് വലുത്: കേജ്‌രിവാൾ

ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മതപരമായ ചടങ്ങിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മർക്കസ് അധികാരികളുടെത് നിരുത്തരവാദപരമായ നടപടിയാണെന്ന് കേജ്‌രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിരവധി പേർക്കാണ് പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതിലൂടെ കൊവിഡ് ബാധിച്ചത്. ലോകത്താകെ മനുഷ്യർ മരിച്ചുകൊണ്ടിരിക്കുകയാണ്. മക്കയും റോമും വരെ അടച്ചിട്ടിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഗുരുതരമായ നിയമലംഘനമുണ്ടാകുന്നതെന്നും കേജ്‌രിവാൾ.

സംഭവത്തിൽ പള്ളി അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് മത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. എത്ര പേർക്ക് രോഗം പടർന്നിട്ടുണ്ടെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.

മതം ഏതായാലും ജീവൻ അതിനേക്കാൾ വിലപ്പെട്ടതാണെന്നും കേജ്‌രിവാൾ. ആയിരത്തിലധികം പേരെ പള്ളിയിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. നിരവധി പേരെയാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

മതസമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പള്ളിയും അടച്ചു. ആളുകൾ താമസിച്ചിരുന്ന മർക്കസ് കെട്ടിടം സീൽ ചെയ്തിരുന്നു. മർക്കസ് കെട്ടിടത്തിൽ 1500ൽ അധികം ആളുകൾ ഉണ്ടായിരുന്നതായി ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ചൂണ്ടിക്കാട്ടിയിരുന്നു.

സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ആറു ഹൈദരബാദ് സ്വദേശികളും ഒരു കശ്മീർ സ്വദേശിയും കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. രോഗ ലക്ഷണങ്ങൾ കാണിച്ച മുന്നൂറിലധികം ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Share this story