24 മണിക്കൂറിനിടെ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചത് 505 പേർക്ക്

24 മണിക്കൂറിനിടെ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചത് 505 പേർക്ക്

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 505 പേർക്ക്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3577 ആയി. 83 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 748 ആണ്. മുംബൈയിൽ 103 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 8 മരണമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 433 ആയി. 30 പേർ ഇതുവരെ മരിച്ചു. 54 പേർക്കാണ് ഇതുവരെ രോഗം ബേധമായത്.

കർണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 151 ആണ്. നാല് പേർ മരിച്ചു. രോഗം ബേധമായവരുടെ എണ്ണം 12 ആണ്. തമിഴ്‌നാട്ടിൽ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 571. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷാണ് ഇക്കാര്യം അറിയിച്ചത്.

68 പേർക്കാണ് പഞ്ചാബിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ബർണാലയിൽ ആദ്യത്ത കൊവിഡ് ഫലം നെഗറ്റീവായിരുന്ന യുവതിയുടെ രണ്ടാം ഫലം പോസിറ്റീവ് കാണിച്ചിട്ടുണ്ട്. 42 വയസായ യുവതിയുടെ രണ്ടാം ഫലമാണ് പോസിറ്റീവ് കാണിച്ചിരിക്കുന്നത്. യുവതി താമസിച്ചിരുന്ന സീഖ റോഡ് പൂർണമായും അടച്ചു. പ്രദേശം ക്വാറന്റീൻ സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ലുധിയാനയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഒരു വ്യക്തിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 35 കാരനായ ഇയാൾ ഡൽഹിയിൽ ന്ന് ഹൈദരാബാദിലേക്ക് പോയി. അവിടെ നിന്നാണ് ഡൽഹിയിലേക്ക് തിരിച്ചെത്തിയത്. ലുധായന സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. ഇദ്ദേഹത്തിന്റെ ഭാര്യ, കുട്ടികൾ, അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ, ഒരു സഹോദരൻ എന്നിവരും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ ടെസ്റ്റിംഗിനായി അയച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്ന് എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നും അഞ്ച് പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ നാല് പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നും വന്നതാണ്.

Share this story