കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: അഞ്ച് സൈനികർക്ക് വീരമൃത്യു; അഞ്ച് ഭീകരരെ വധിച്ചു

കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: അഞ്ച് സൈനികർക്ക് വീരമൃത്യു; അഞ്ച് ഭീകരരെ വധിച്ചു

കാശ്മീരിലെ കുപ് വാര ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. കെറാൻ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. മഞ്ഞ് മൂടിയ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് സൈനികർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു.

ഹിമാചൽപ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാർ, ബാൽ കൃഷ്ണ, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിംഗ്, അമിത് കുമാർ, രാജസ്ഥാൻ സ്വദേശി ഛത്രപാൽ സിംഗ് എന്നിവരാണ് മരിച്ച സൈനികർ.

നിയന്ത്രണരേഖക്ക് സമീപം മഞ്ഞ് മൂടിയ പ്രദേശത്ത് കാൽപ്പാടുകൾ കണ്ട് പരിശോധനക്ക് ഇറങ്ങിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചതും ജവാൻമാർ വീരമൃത്യു വരിച്ചതും. മഞ്ഞ് വീഴ്ചയുടെ മറവിൽ നിരവധി തീവ്രവാദികളാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കുപ് വാരയിൽ തന്നെ 9 ഭീകരരെ സൈന്യം വധിച്ചിരുന്നു.

Share this story