രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചന

രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചന

രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു ആലോചന കേന്ദ്രം നടത്തുന്നതെന്നാണ് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളും ആരോഗ്യവിദഗ്ധരും ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നിർദേശിച്ചത് പ്രകാരം 13 സംസ്ഥാനങ്ങളാണ് ഈ വിഷയത്തിൽ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ഇതിൽ 10 സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. പശ്ചിമബംഗാൾ, മേഘാലയ, മിസോറാം സർക്കാരുകൾ മാത്രമാണ് ലോക്ക ഡൗൺ നീട്ടേണ്ടതില്ല എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

നിലവിൽ ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗൺ. 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് കഴിഞ്ഞാഴ്ച്ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബെ പറഞ്ഞിരുന്നത്.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങൾ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. ഉത്തർപ്രദേശ്, മഹരാഷ്ട്ര, തെലങ്കാന സർക്കാരുകൾ ഏപ്രിൽ 14 നുശേഷവും രണ്ടാഴ്ച്ചത്തേയ്ക്കെങ്കിലും ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെടുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്രവും പുനരാലോചന നടത്തുന്നത്.

ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥൻ സർക്കാർ ലോക്ക് ഡൗൺ നീട്ടരുതെന്നാണ് ആവശ്യപ്പെടുന്നത്.

ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് കഴിഞ്ഞാഴ്ച്ച നടത്തിയ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിംഗ് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നത്. ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അറിയിക്കാനും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവിശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമുള്ള നിർദേശത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്.

കൊറോണ വൈറസിന്റെ സമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 23 അർധ രാത്രി മുതലാണ് രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഏപ്രിൽ 14 അർധരാത്രിയിൽ ലോക്ക് ഡൗൺ അവസാനിക്കും.

Share this story