രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി

രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്.

കൊറോണക്കെതിരായ പോരാട്ടം രാജ്യത്തെ ഒരുമിപ്പിച്ചെന്നും അത് തുടരേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ഇതിൽ വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച മോദി രണ്ടാംവട്ട വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. ഇതിന് ശേഷമാകും ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ ഇതിനോടകം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

രാജ്യസഭയിലെയും ലോക്‌സഭയിലെയും വിവിധ കക്ഷികളുടെ പാർലമെന്ററി നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടി വരുമെന്നും യോഗത്തിൽ പ്രധാനമന്ത്രി സൂചന നൽകി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Share this story