ലോക്ക് ഡൗണിന് ശേഷമുള്ള സർവീസ്; 50%ൽ അധികം യാത്രക്കാരെ വിമാനത്തില്‍ കയറ്റില്ലെന്ന് ഇൻഡിഗോ

ലോക്ക് ഡൗണിന് ശേഷമുള്ള സർവീസ്; 50%ൽ അധികം യാത്രക്കാരെ വിമാനത്തില്‍ കയറ്റില്ലെന്ന് ഇൻഡിഗോ

കൊവിഡ് വ്യാപനത്തിനെതിരെയുള്ള ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ വിമാന സർവീസുകൾക്ക് മുൻകരുതലുകളുമായി ഇൻഡിഗോ എയർലൈൻസ്. വിമാനങ്ങൾ യാത്രയ്ക്ക് ശേഷം വളരെ ശ്രദ്ധയോടെ, കൂടുതൽ തവണ വൃത്തിയാക്കും. കൂടാതെ വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംവിധാനം കുറച്ച് കാലത്തേക്ക് നിർത്തിവയ്ക്കും. 50 ശതമാനത്തിൽ കൂടുതൽ സീറ്റുകളില്‍ യാത്രാവിമാനത്തിൽ ആളുകളെ നിറയ്ക്കുകയില്ലെന്നും ഇൻഡിഗോ എയർലെൻസ് സിഇഒ റോനോജോയ് ദത്ത വ്യക്തമാക്കി.

‘ഇതുപോലുള്ള സാഹചര്യങ്ങളിൽ കമ്പനികൾ വളർച്ചയിലേക്കോ ലാഭത്തിലേക്കോ അല്ല, മറിച്ച് പണലഭ്യതയിലേക്കാണ് ശ്രദ്ധ ചെലുത്തുക. അതിനർത്ഥം ഞങ്ങളുടെ ഏകശ്രദ്ധ പണമൊഴുക്കിലാണ്. ഞങ്ങളുടെ എല്ലാ നിശ്ചിത ചെലവുകളും ഞങ്ങൾ പരിശോധിക്കുകയും അവ കുറയ്ക്കുന്നതിനുള്ള വഴികൾ തേടുകയും ചെയ്യുകയാണ്’ സിഇഒ വ്യക്തമാക്കുന്നു.

ഞങ്ങൾ എപ്പോഴും സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകിയിരുന്നത്. ഇപ്പോൾ ആരോഗ്യത്തിനും കൂടി ശ്രദ്ധ കൂടുതൽ നൽകിത്തുടങ്ങി. ആരോഗ്യത്തിന് കൂടെ പ്രാമുഖ്യം നൽകി ഞങ്ങൾ വിവിധ നടപടി ക്രമങ്ങളിലും മാറ്റം വരുത്തുന്നതാണ്. പുതിയ നടപടിക്രമങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

 

ഏപ്രിൽ 14 വരെയാണ് ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതുവരെ രാജ്യാന്തര- ആഭ്യന്തര വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. കാർഗോ വിമാനങ്ങൾ, ഓഫ് ഷോർ ഹെലിക്കോപ്റ്റർ ഓപറേഷനുകൾ, മെഡിക്കൽ ഇവാക്വേഷന് വേണ്ടിയുള്ള വിമാന സർവീസുകൾ, പ്രത്യേക വിമാന സർവീസുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ വിമാന സർവീസുകളെ നിയന്ത്രിക്കുന്ന അതോറിറ്റിയായ ഡിജിസിഎ ആണ് ഇവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Share this story