നിർദേശങ്ങൾക്കൊക്കെ പുല്ലുവില; ബീഹാറിൽ ലോക്ക് ഡൗൺ കാലത്തും ആൾക്കൂട്ടത്തിന് കുറവില്ല

നിർദേശങ്ങൾക്കൊക്കെ പുല്ലുവില; ബീഹാറിൽ ലോക്ക് ഡൗൺ കാലത്തും ആൾക്കൂട്ടത്തിന് കുറവില്ല

രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയെന്നതാണ് അധികൃതർ നൽകുന്ന പ്രഥമ നിർദേശം. എന്നാൽ ബീഹാറിൽ ഇതൊന്നും ആളുകൾക്ക് ഏശുന്ന മട്ടില്ല.

ചന്തകളിലും കടകളിലുമൊക്കെ ആളുകൾ തടിച്ചു കൂടുന്നതും ഇടപഴകുന്നതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമാണ്. ബിഹാറിലെ പട്‌നയിൽ നിന്നുള്ള ഒരു ദൃശ്യം എ എൻ ഐ വാർത്താ ഏജൻസി പുറത്തുവിടുകയും ചെയ്തു. ദിഗ മേഖലയിൽ പ്രവർത്തിക്കുന്ന പച്ചക്കറി മാർക്കറ്റിൽ തടിച്ചു കൂടിയ നൂറുകണക്കിന് ആളുകളുടെ ദൃശ്യങ്ങളാണ് വാർത്താ ഏജൻസി പുറത്തുവിട്ടത്.

ലോക്ക് ഡൗൺ ആണെന്നും കൊവിഡ് പ്രതിരോധമാണെന്നുമൊക്കെയുള്ള കാര്യം മറന്നാണ് ആളുകൾ ചന്തയിൽ തിക്കിത്തിരക്കുന്നത്. നിലവിൽ 60 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗം ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. യുപിയോട് ചേർന്ന് കിടക്കുന്ന സിവാൻ ജില്ലയിൽ ഒരു കുടുംബത്തിലെ 20 പേർക്ക് കൊവിഡ് ബാധിച്ചത് ആരോഗ്യ മേഖലയെ തന്നെ ഞെട്ടിച്ച സംഭവമാണ്

്അതേസമയം ബീഹാർ സർക്കാരിന്റെ സമയക്രമീകരണമാണ് ഈ രീതിയിൽ ആളുകൾ തടിച്ചുകൂടാൻ ഇടയാക്കിയതെന്ന വിമർശനവും ഒരു ഭാഗത്തുണ്ട്. ദിവസവും രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതം നേരമാണ് ആളുകൾക്ക് പുറത്തിറങ്ങാനും അവശ്യ സാധനങ്ങൾ വാങ്ങാനുമുള്ള അനുമതി. ചെറിയ സമയത്തിൽ സാധനങ്ങൾ വാങ്ങണമെന്നതിനാൽ ആളുകൾ ഒന്നാകെ പുറത്തോട്ട് ഇറങ്ങുന്നതാണ് ഇത്തരത്തിൽ തിരക്ക് വർധിക്കാനും കാരണമായിരിക്കുന്നത്.

Share this story