ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാനായിട്ടില്ല; പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാനായിട്ടില്ല; പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കേണ്ട സ്ഥിതി ആയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ ഇളവ് ഘട്ടം ഘട്ടമായി മാത്രം മതി. ഹോട്ട് സ്‌പോട്ട് (അതിതീവ്ര) പ്രാദേശങ്ങളിൽ ഏപ്രിൽ 30 വരെ നിലവിലുള്ള നിയന്ത്രണം വേണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് നിർദ്ദേശിച്ചതായി പിണറായി വിജയൻ പറഞ്ഞു.

അതിതീവ്ര പ്രദേശങ്ങൾ അല്ലാത്ത ജില്ലകളിലെ ഇളവുകൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണം. അന്തർസംസ്ഥാന തൊഴിലാളികൾക്കു വേണ്ടി പ്രത്യേക നോൺസ്‌റ്റോപ് ട്രെയിൻ അനുവദിക്കണം. പ്രവാസികൾക്ക് തിരികെ മടങ്ങാനുള്ള സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചു.

പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. ലേബർ ക്യാംപുകളിൽ പ്രത്യേക ശ്രദ്ധ വേണം. വിസിറ്റിംഗ് വിസയിൽ പോയവരിൽ വിസാ കാലാവധി അവസാനിച്ചവരെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക വിമാനം അനുവദിക്കണം. മൂന്ന് മാസത്തേക്ക് പ്രവാസികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ പദ്ധതി വേണം. ഇഎസ്‌ഐ മാനദണ്ഡത്തിൽ കൊവിഡ് കൂടി ഉൾപ്പെടുത്തണം. മൂന്ന് മാസത്തേക്ക് കേരളത്തിന് 645000 ടൺ അരി അനുവദിക്കണം. ഇത് മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Share this story