മടങ്ങിവരാൻ തയ്യാറാകുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് യുഎഇ

മടങ്ങിവരാൻ തയ്യാറാകുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് യുഎഇ

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ തയ്യാറാകുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. അതേസമയം കൊവിഡ് ബാധിതരെ യുഎഇയിൽ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽബന്ന വ്യക്തമാക്കി.

മടങ്ങിവരവിന് തയ്യാറാകുന്നവരെ യുഎഇ തന്നെ നാട്ടിലെത്തിക്കും. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ കൊവിഡ് ബാധിതരായവർ പോലും ആവശ്യമായ ക്വാറന്റൈൻ സൗകര്യമില്ലാതെ ദുരിതത്തിലാണെന്ന വാർത്തകൾക്കിടെയാണ് ഇത്തരമൊരു മറുപടി യുഎഇ നടത്തുന്നത്.

കഴിഞ്ഞ ദിവസം ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രേമാദി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഗൾഫിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ചർച്ച. പ്രവാസികളെ തിരികെ എത്തിക്കാനുള്ള ആവശ്യവും ചർച്ചയിൽ പ്രധാനമന്ത്രി ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം യുഎഇയുടെ വാഗ്ദാനത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം ലോക്ക് ഡൗൺ നിലനിൽക്കുന്നതും അന്താരാഷ്ട്ര അതിർത്തികൾ അടച്ചതുമായ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്.

Share this story