ആംബുലൻസോ ചികിത്സയോ ലഭിക്കാതെ കുട്ടി വഴിയിൽ കിടന്ന് മരിച്ചു; മൃതദേഹവുമേന്തി അമ്മ നടന്നു, കിലോമീറ്ററുകൾ

ആംബുലൻസോ ചികിത്സയോ ലഭിക്കാതെ കുട്ടി വഴിയിൽ കിടന്ന് മരിച്ചു; മൃതദേഹവുമേന്തി അമ്മ നടന്നു, കിലോമീറ്ററുകൾ

ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെ അവശനിലയിലായ കുട്ടി അമ്മയുടെ കൈയിൽ കിടന്ന് മരിച്ചു. മൂന്ന് വയസ്സുകാരന്റെ മൃതദേഹവുമേന്തി അമ്മ കിലോമീറ്ററുകളോളം ദൂരം നടന്നു. മകളെ കയ്യിലേന്തി അച്ഛനും പിന്നാലെ ്അനുഗമിച്ചു. ബീഹാറിലെ ജഹനാബാദിൽ നിന്നുമുള്ളതാണ് ഈ ലോക്ക് ഡൗൺ സമയത്തെ ഹൃദയഭേദകമായ കാഴ്ച

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഒരു ടെമ്പോയിലാണ് കുട്ടിയെ ഇവർക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. രണ്ട് ദിവസമായി പനിയും ജലദോഷവും ചുമയും കാരണം അവശനിലയിലായിരുന്നു കുട്ടി. വഴിയിൽ കിടന്ന് മരിച്ചതിന് ശേഷവും തിരികെ വീട്ടിലെത്തിക്കാനും ഇവർക്ക് ആംബുലൻസ് സൗകര്യമോ മറ്റ് വാഹന സൗകര്യമോ ലഭിച്ചില്ല. ഇതോടെയാണ് മൃതദേഹവും കയ്യിലെടുത്ത് അമ്മ നിലവിളിച്ചു കൊണ്ട് നടന്നത്. പിന്നാലെ മകളെ എടുത്ത് അച്ഛനും.

ജഹനാബാദിലെ സദർ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയെ പട്‌നയിൽ എത്തിക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ആംബുലൻസ് വിട്ടുകൊടുക്കാൻ ഇവർ തയ്യാറായില്ല. ടെമ്പോയിലാണ് ഇവർ കുട്ടിയെ എത്തിക്കാൻ ശ്രമിച്ചത്. ഇത് പക്ഷേ പാഴ് വേലയാകുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രി ജീവനക്കാർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് നവീൻകുമാർ അറിയിച്ചു.

Share this story