പ്രവാസികളെ താത്കാലം തിരികെ എത്തിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി; കേന്ദ്ര വാദം അംഗീകരിച്ചു

പ്രവാസികളെ താത്കാലം തിരികെ എത്തിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി; കേന്ദ്ര വാദം അംഗീകരിച്ചു

വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തത്കാലം തിരിച്ചു കൊണ്ടുവരേണ്ടതില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. വിദേശത്തുള്ളവരെ നിലവിൽ തിരിച്ചെത്തിക്കാനാകില്ലെന്നാണ് കേന്ദ്രം നിലപാട് എടുത്തത്.

കേസ് നാല് ആഴ്ചക്കുള്ളിൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രത്തിനോട് നാഴ്ചക്കകം സ്ഥിതി വ്യക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ യാത്ര അനുവദിച്ചാൽ ലോക്ക് ഡൗണിന് എതിരാകുമെന്നും അതിനാൽ പ്രവാസികളെ തിരികെ എത്തിക്കാനാകില്ലെന്നുമാണ് കേന്ദ്ര നിലപാട്.

ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ഇറാനിലും അടക്കം വിസിറ്റിംഗ് വിസയിൽ ഉൾപ്പെടെ പോയി കുടുങ്ങിക്കിടക്കുന്നത പതിനായിരങ്ങളുണ്ട്. ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് കോടതിയിൽ വാദം ആരംഭിച്ചത്. ഇറാനിൽ ആറായിരം മത്സ്യത്തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു

യുകെയിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്ന ഹർജിയിൽ ഇവർ സുരക്ഷിതരാണെന്നും കേന്ദ്രം ഇടപെടുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. സുരക്ഷിതരാണെങ്കിൽ എന്തിന് തിരിച്ചു വരണമെന്ന് കോടതി ചോദിച്ചു.

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നുമുള്ള ഹർജികളും കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് വാദം കേട്ടത്.

Share this story