രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; മരണസംഖ്യ 339 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; മരണസംഖ്യ 339 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 10,363 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനീടെ 1211 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇതിനോടകം 339 ആയി

രാജ്യത്ത് ഒറ്റ ദിവസത്തിനുള്ളിൽ ഇത്രയധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഡൽഹിയിൽ കൊവിഡ് രോഗബാധിതയായ മലയാളി നഴ്‌സിന്റെ രണ്ട് വയസ്സുകാരൻ മകനും രോഗം സ്ഥിരീകരിച്ചു. നഴ്‌സ് എട്ട് മാസം ഗർഭിണിയുമാണ്. നിലവിൽ എൽഎൽജിപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ

ആഗ്ര ജില്ലയിൽ മാത്രം ഇന്നലെ 35 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആഗ്രയിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മറ്റ് ജില്ലകൾ ആഗ്രയെ മാതൃകയാക്കണമെന്നും കേന്ദ്രസർക്കാർ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്

തെലങ്കാനയിൽ കൊവിഡ് മരണം 17 ആയി. ഇന്നലെ 61 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിർദേശം നൽകി

രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടുത്ത 19 ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പ്രഖ്യാപിച്ചത്. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും മോദി വ്യക്തമാക്കി.

Share this story