രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10815 ആയി

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10815 ആയി

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 10815 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ 1463 പുതിയ കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 353 പേരാണ് മരിച്ചത്. 1190 പേര്‍ രോഗമുക്തരായി. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം അതിവേഗം ഉയരുകയാണ്.

 

ഡല്‍ഹിയില്‍ കണ്ടെയ്ന്റ്‌മെന്റ് മേഖലകളുടെ എണ്ണം 48 ആയി ഉയര്‍ന്നു. 51 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1561 ആയി. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു കരസേനാ ഡോക്ടറിനും കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി അതിനിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.

 

മധ്യപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 126 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോറില്‍ കൊവിഡ് ബാധിതരുടെ എണ്ണം 411 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്ത 72 പുതിയ കേസുകളില്‍ 71 ഉം ജയ്പൂരില്‍ നിന്നുമാണ്.

ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരാള്‍ മരിച്ചതോടെ മരണസംഖ്യ പതിമൂന്നായി ഉയര്‍ന്നു. ആന്ധ്രയില്‍ രണ്ടുപേരാണ് മരിച്ചത്. ഹൈദരാബാദില്‍ ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചു. രോഗബാധിതരുടെ എണ്ണം 617 ആണ്.

Share this story