ലോക്ക് ഡൗണിൽ മാറ്റം വേണം, ജനങ്ങൾ ദുരിതമനുഭവിക്കുന്നുവെന്നും രാഹുൽ ഗാന്ധി

ലോക്ക് ഡൗണിൽ മാറ്റം വേണം, ജനങ്ങൾ ദുരിതമനുഭവിക്കുന്നുവെന്നും രാഹുൽ ഗാന്ധി

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി. വ്യത്യസ്ത ജനവിഭാഗങ്ങളെ പരിഗണിക്കാതെ എല്ലാവർക്കുമായി ഒരേപോലെ നടപ്പാക്കിയ ലോക്ക് ഡൗൺ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു

ലക്ഷക്കണക്കിന് വരുന്ന കർഷകർ, കുടിയേറ്റ തൊഴിലാളികൾ, ദിവസവേതനക്കാർ, കച്ചവടക്കാർ തുടങ്ങിയവർക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും കഷ്ടപ്പാടുകളുമാണ് ഉണ്ടാക്കിയിരിക്കുന്നത്. സമർഥമായ മാറ്റം ലോക്ക് ഡൗണിൽ ആവശ്യമാണ്

വ്യാപകമായ ടെസ്റ്റിംഗിലൂടെ വൈറസ് ഹോട്ട് സ്‌പോട്ടുകളെ കണ്ടെത്തുകയും ഐസോലേറ്റ് ചെയ്യുകയും വേണം. മറ്റിടങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു

അതേ സമയം, രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. മുമ്പുള്ളതിനേക്കാൾ കൂടുതൽ ഇനി ശ്രദ്ധിക്കണമെന്നും തീവ്രബാധിത പ്രദേശങ്ങളിൽ കടുത്ത ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൂടുതൽ ഹോട്ട് സ്‌പോട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. രോഗം ഇനി പടർന്നാൽ ഇതുവരെയുള്ള എല്ലാ പരിശ്രമങ്ങളും വെറുതെയാകും. സാഹചര്യം മാറിയാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ക് ഡൗൺ സംബന്ധിച്ച മാർഗനിർദേശങ്ങൾ നാളെ പുറത്തിറക്കുമെനന്നും പ്രധാനമന്ത്രി അറിയിച്ചു.

 

ജനങ്ങളോടായി ഏഴ് കാര്യങ്ങളും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 1.വീട്ടിലുള്ള പ്രായമുള്ളവരെ സുരക്ഷിതമായി ശ്രദ്ധിക്കണം, 2.ലോക്ക് ഡൗണും സാമൂഹിക അകലവും കൃത്യമായി പാലിക്കണം, 3.ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ കൃത്യമായി പിന്തുടരണം, 4. കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ സഹായിക്കണം. ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യണം, 5. ദരിദ്ര കുടുംബങ്ങളെ ഏതുവിധേനയും സഹായിക്കണം 6. നിങ്ങളുടെ സഹപ്രവർത്തകരുടെ ക്ഷേമവും ഉറപ്പാക്കണം. ആരെയും തകർച്ചയിലേക്ക് വിടരുത് 7. കൊവിഡ് പോരാളികളായ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, പോലീസുകാർ ഇവർക്ക് ആദരം അർപ്പിക്കണം

Share this story