ആരോഗ്യ പ്രവർത്തകരുടെ പരാതികൾ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്രം; ഹെൽപ് ലൈൻ ആരംഭിക്കും

ആരോഗ്യ പ്രവർത്തകരുടെ പരാതികൾ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്രം; ഹെൽപ് ലൈൻ ആരംഭിക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ പരാതി പരിഹാരത്തിനായി ഹെൽപ് ലൈൻ ആരംഭിക്കുമെന്നും പരാതി അറിയിച്ച് രണ്ട് മണിക്കൂറിനകം പരിഹാരമുണ്ടാക്കുമെന്നും കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശമ്പളം വെട്ടിക്കുറച്ചത്, വീടുകൾ ഒഴിയാൻ ആവശ്യപ്പെടുന്നത് തുടങ്ങിയ പരാതികൾ പരിഹരിക്കുമെന്നും സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ ഇറക്കണമെന്നാവശ്യപ്പെട്ട് യുഎൻഎ, ഐപിഎൻഎ തുടങ്ങിയ നഴ്‌സിംഗ് സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്രത്തിന്റെ നിലപാട് അംഗീകരിച്ച കോടതി ഹർജി തീർപ്പാക്കി. സുരക്ഷാ കിറ്റുകൾ ഇല്ലാത്തതിനാൽ നിരവധി ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനകൾ കോടതിയെ സമീപിച്ചത്.

കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുക, പിപിഐ കിറ്റിന്റെ അഭാവം പരിഹരിക്കുക, എൻ 95 മാസ്‌കുകൾ, നോർമൽ മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവ ആരോഗ്യ പ്രവർത്തകർക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്.

Share this story