രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12759 ആയി ഉയർന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12759 ആയി ഉയർന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12759 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 826 പുതിയ കേസുകളും 28 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം 420 ആണ്. അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ധാരാവിയിൽ ഇന്ന് 26 കേസുകൾ കൂടി സ്ഥിരീകരിച്ചു.

രാജ്യത്ത് പോസിറ്റീവ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും രോഗമുക്‌തരാകുന്നവരുടെ എണ്ണത്തിലും ആശാവഹമായ പുരോഗതിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. ഇന്ന് 1514 പേരാണ് രോഗത്തിൽ നിന്ന് മോചിതരായത്.

മഹാരാഷ്ട്രയിൽ ഇന്ന് 286 പോസിറ്റീവ് കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 3202 ആയി ഉയർന്നു. മുംബൈയിൽ മാത്രം 2073 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. പൂനെയിൽ 65കാരി മരിച്ചു.

ഡൽഹിയിൽ കണ്ടൈൻറ്മെൻറ് സോണുകളുടെ എണ്ണം 60 ആയി. ഷഹീൻ ബാഗിലും അതീവജാഗ്രത ഏർപ്പെടുത്തി. ദക്ഷിണ ഡൽഹിയിൽ ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയ 72 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി.

പശ്ചിമ ബംഗാളിലും ഗുജറാത്തിലും മൂന്ന് പേർ വീതവും ആഗ്രയിൽ 65കാരനും ബെംഗളൂരുവിൽ 66കാരനും മരിച്ചു. കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 315 ആയി ഉയർന്നു. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 929 ആണ്. രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 1104ഉം മധ്യപ്രദേശിൽ 1115ഉം ആയി ഉയർന്നു. തമിഴ്നാട്ടിൽ 25 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 1267 ആയി.

Share this story