കള്ളപ്പണം വെളുപ്പിച്ചു; തബ് ലീഗ് നേതാവ് മൗലാന സാദ് ഖാണ്ഡൽവിക്കെതിരെ കേസ്

കള്ളപ്പണം വെളുപ്പിച്ചു; തബ് ലീഗ് നേതാവ് മൗലാന സാദ് ഖാണ്ഡൽവിക്കെതിരെ കേസ്

ഡൽഹി തബ് ലീഗ് ജമാഅത്തെ നേതാവ് മൗലാന സാദ് ഖാണ്ഡൽവിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതിനെതിരെയാണ് കേസ്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും വരെ ആളുകൾ പങ്കെടുത്ത തബ് ലീഗ് ജമാഅത്ത് മർകസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.

പകർച്ചവ്യാധി നിരോധന നിയമപ്രകാരം ജമാഅത്ത് നേതാവിനും മറ്റ് അഞ്ച് പേർക്കുമെതിരെ ഡൽഹി ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് ആളെക്കൂട്ടി മതസമ്മേളനം നടത്തിയ കുറ്റമടക്കം ചേർത്തായിരുന്നു കേസ്.

രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ഒരുപരിധി വരെ കാരണമായത് നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് രോഗം പിടിപെടുകയും ഇവർ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുവഴി അവിടങ്ങളിലും രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡൽവിയാണ് ഈ സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്.

നിലവിൽ ക്വാറന്റൈനിൽ കഴിയുന്ന ഖാണ്ഡൽവിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഉടൻ ചോദ്യം ചെയ്യുമെന്ന് ഇ ഡി അറിയിച്ചു. ഖാണ്ഡൽവിയുടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. തബ് ലീഗിന്റെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിച്ച് വരികയാണ്. സുപ്രധാന രേഖകൾ കണ്ടെത്തിയതായി ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചു.

Share this story