കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്റെ തോത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായി. ലോക്ക് ഡൗണിന് മുമ്പ് കൊവിഡ് കേസുകൾ മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായെങ്കിൽ ഇപ്പോഴതിന് ആറ് ദിവസത്തിൽ കൂടുതൽ എടുക്കുന്നു

കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ ഏറെ മുന്നിലെത്തിയ കേരളത്തെയും ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പ്രശംസിച്ചു. കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമാണ്. കേസുകൾ കണ്ടെത്തിയതും അവയുടെ കോണ്ടാക്ട് ട്രേസ് ചെയ്തതും കൃത്യമായി ഐസോലേറ്റ് ചെയ്തതും ചികിത്സ നൽകിയതും മികച്ച നേട്ടമായി

താഴെത്തട്ട് മുതൽ മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെച്ചത്. സമാനമായ നിരവധി മാതൃകകൾ രാജ്യത്തുണ്ടെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 13,835 കൊവിഡ് ബാധിതരുണ്ട്. മരണസംഖ്യ 452 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1076 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

വിവിധ സംസ്ഥാനങ്ങൾക്കായി അഞ്ച് ലക്ഷം റാപിഡ് ആന്റി ബോഡി ടെസ്റ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലടക്കം അതിവേഗ ടെസ്റ്റിംഗ് കിറ്റുകൾ വികസിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ചൈനയിൽ നിന്ന് സ്വീകരിക്കുന്ന കിറ്റുകളിൽ ഗുണനിലവാരമില്ലാത്തത് തിരിച്ചയക്കുമെന്നും ലവ് അഗർവാൾ വ്യക്തമാക്കി.

Share this story