മദ്യഷോപ്പുകൾ തുറക്കണം; ആവശ്യവുമായി കർണാടക കേന്ദ്രത്തെ സമീപിക്കും

മദ്യഷോപ്പുകൾ തുറക്കണം; ആവശ്യവുമായി കർണാടക കേന്ദ്രത്തെ സമീപിക്കും

മദ്യഷോപ്പുകൾ തുറക്കണമെന്ന ആവശ്യവുമായി കർണാടകയിലെ ബിജെപി സർക്കാർ. ഇക്കാര്യം ഉന്നയിച്ച് ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിന് കത്തയക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. റെഡ് സോൺ അല്ലാത്ത ജില്ലകളിൽ ഘട്ടം ഘട്ടമായി മദ്യഷോപ്പുകൾ തുറക്കണമെന്നാണ് ആവശ്യം

തബ് ലീഗ് സമ്മേളനവും നഞ്ചൻകോട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ കൊവിഡ് കേസുകളാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചതെന്ന് യെദ്യൂരപ്പ പറഞ്ഞു. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു

കർണാടകയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 38 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 36 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്

നഞ്ചൻകോടിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരുമായി ഇടപഴകിയ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബെല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിലും രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകത്തിൽ ഇതുവരെ 353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story