വിശന്നിട്ട് ചെയ്തുപോയതാണ്, 16കാരൻ മോഷ്ടാവ് കോടതിയിൽ തുറന്നു പറഞ്ഞു; പിന്നീടുണ്ടായത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് തിളക്കമേറ്റുന്ന വിധി

വിശന്നിട്ട് ചെയ്തുപോയതാണ്, 16കാരൻ മോഷ്ടാവ് കോടതിയിൽ തുറന്നു പറഞ്ഞു; പിന്നീടുണ്ടായത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് തിളക്കമേറ്റുന്ന വിധി

ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണി കലശലായതോടെ മോഷണത്തിന് ഇറങ്ങിയ 16കാരന് തുണയായി കോടതി. ബിഹാറിലെ നളന്ദയിലാണ് നിയമത്തിനും ഉപരിയായി കോടതി മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചത്. മോഷണക്കേസിൽ പതിനാറുകാരനെ കോടതി വെറുതെവിട്ടു. കൂടാതെ കുട്ടിക്കും കുടുംബത്തിനും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ അധികൃതർക്ക് നിർദേശവും നൽകി

ഹോട്ടലുകളിൽ ജോലി ചെയ്തുവന്നിരുന്ന പതിനാറുകാരനെ ഒരു സ്ത്രീയുടെ പേഴ്‌സ് മോഷ്ടിച്ചതിനെ തുടർന്നാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതും പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയതും

പട്ടിണി സഹിക്കാനാകാതെയാണ് മോഷണത്തിന് ഇറങ്ങിയതെന്ന് പതിനാറുകാരൻ കോടതിക്ക് മുമ്പാകെ തുറന്നു പറഞ്ഞു. ഇയാളുടെ അമ്മ മാനസിക വൈകല്യം നേരിടുന്ന സ്ത്രീയാണ്. 13 വയസ്സുള്ള അനിയനുമുണ്ട്. കുടുംബത്തെ നോക്കിയിരുന്നത് 16 വയസ്സുള്ള കുട്ടിയായിരുന്നു.

കുട്ടിയുടെ ദുരിതസ്ഥിതി വ്യക്തമായതോടെയാണ് കോടതി അപൂർവ ഇടപെടൽ നടത്തിയത്. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉടനെ എത്തിച്ചു നൽകാൻ കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മക്ക് വിധവാ പെൻഷൻ ഏർപ്പെടുത്താൻ അധികൃതരോട് കോടതി നിർദേശിച്ചു. ആധാറും റേഷൻ കാർഡും ലഭ്യമാക്കണം. കൂടാതെ പാർപിട നിർമാണ പദ്ധതിയിൽ കുടുംബത്തിന് ഫണ്ട് അനുവദിക്കാനും നാല് മാസത്തിനുള്ളിൽ ഇതെല്ലാം ചെയ്തു റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു

Share this story