തമിഴ്‌നാട്ടിൽ 105 പേർക്ക് കൂടി കൊവിഡ് ബാധ; ആകെ രോഗബാധിതർ 1477

തമിഴ്‌നാട്ടിൽ 105 പേർക്ക് കൂടി കൊവിഡ് ബാധ; ആകെ രോഗബാധിതർ 1477

തമിഴ്‌നാട്ടിൽ ഇന്ന് 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1477 ആയി. കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇന്നുണ്ടായ വർധനവ് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ന് 46 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 411 പേരാണ് ഇതിനോടകം സംസ്ഥാനത്ത് രോഗമുക്തരായത്.

അതേസമയം കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കണ്ണൂർ, കാസർഗോഡ് ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ അബുദാബിയിൽ നിന്നും കാസർഗോഡ് ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും വന്നവരാണ്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

അതേ സമയം, രാജ്യത്ത് കൊവിഡ് മരണങ്ങൾ 500 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 27 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി. 15712 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം രാജ്യത്ത് 1334 രോഗികൾ റിപ്പോർട്ട് ചെയ്തായും ആരോഗ്യമന്ത്രാലയം അറിയിച്ചു

മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 324 പേർക്ക് കൂടി രോഗം ബാധിച്ചു. അതേസമയം ഐസിഎംആറിന്റെ കണക്കുകൾ കുറച്ചു കൂടി വ്യത്യസ്തമാണ്. ഇന്ത്യയിൽ 16365 രോഗബാധിതരുണ്ടെന്ന് ഐസിഎംആർ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളേക്കാൾ 600 ഓളം കൂടുതലാണിത്

Share this story