ഏഴ് ദിവസം കൊണ്ട് 1700 കിലോമീറ്റർ; സൈക്കിളുമായി കുടിയേറ്റ തൊഴിലാളിയുടെ യാത്ര

ഏഴ് ദിവസം കൊണ്ട് 1700 കിലോമീറ്റർ; സൈക്കിളുമായി കുടിയേറ്റ തൊഴിലാളിയുടെ യാത്ര

ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ നാട്ടിലെത്താനുള്ള അവസാന വഴിയായിരുന്നു സൈക്കിൾ. മറ്റൊന്നും ആലോചിക്കാതെ ഇരുപതുകാരൻ സൈക്കിളെടുത്ത് പുറപ്പെട്ടു. ഒടുവിൽ 7 ദിവസം കൊണ്ട് വീട്ടിലെത്തുകയും ചെയ്തു. ഇതിനിടെ പിന്നിട്ടത് 1700 കിലോമീറ്ററാണ്

മഹാരാഷ്ട്രയിലെ സംഗ്ലിയിൽ നിന്നും ഒഡീഷയിലെ ജജ്പൂരിലേക്കാണ് മഹേഷ് ജെന എന്ന യുവാവ് സൈക്കിൾ ചവിട്ടിയെത്തിയത്. ഏപ്രിൽ 1നാണ് ഇയാൾ യാത്ര തുടങ്ങിയത്. സാംഗ്ലിക്കടുത്ത് ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു ഇയാൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിത സാഹചര്യം വഴി മുട്ടി. തുടർന്നാണ് സൈക്കിളെടുത്ത് നാട്ടിലേക്ക് തിരിച്ചത്.

നടന്നുപോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പത്തിരുപത് ദിവസമെങ്കിലും വേണ്ടി വരും നടന്ന് എത്താൻ ഇതോടെയാണ് സൈക്കിൾ എടുത്ത് പോകാൻ തീരുമാനിച്ചതെന്ന് മഹേഷ് പറയുന്നു. കയ്യിൽ കുറച്ച് തുണികളും ആവശ്യത്തിന് ബിസ്‌ക്കറ്റും വെള്ളവും 3000 രൂപയും എടുത്താണ് യാത്ര തുടങ്ങിയത്. രാത്രിയും വിശ്രമമില്ലാതെ സൈക്കിൾ ചവിട്ടി. തളരുമ്പോൾ മാത്രം അൽപ്പം വിശ്രമിക്കും

ചെക്ക് പോസ്റ്റുകളിൽ പോലീസ് തടഞ്ഞുനിർത്തി. കാര്യം പറഞ്ഞപ്പോൾ അവർ വിട്ടയച്ചു. ഒരു ദിവസം 200 കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. ചില കുറുക്കു വഴികൾ കൂടി ഉപയോഗപ്പെടുത്തിയാണ് നാട്ടിൽ എത്തിയതെന്നും മഹേഷ് പറയുന്നു.

Share this story