പാവപ്പെട്ടവന്റെ അന്നമെടുത്ത് സമ്പന്നരുടെ കൈ കഴുകുന്നു: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

പാവപ്പെട്ടവന്റെ അന്നമെടുത്ത് സമ്പന്നരുടെ കൈ കഴുകുന്നു: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവങ്ങളുടെ അന്നമെടുത്ത് സമ്പരുടെ കൈകൾ ശുചീകരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. എഫ് സി ഐ ഗോഡൗണുകളിലെ ധാന്യമുപയോഗിച്ച് എഥനോൾ ഉത്പാദിപ്പിക്കാനും അതുപയോഗിച്ച് ഹാൻഡ് സാനിറ്റൈസറുകൾ നിർമിക്കാനുമുള്ള കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെയാണ് വിമർശനം

എന്നാണ് രാജ്യത്തെ പാവപ്പെട്ടവർ ഉണർന്നെഴുന്നേൽക്കുക. നിങ്ങളിവിടെ വിശന്നു മരിക്കുമ്പോൾ അവർ നിങ്ങൾക്കുള്ള അരിയെടുത്ത് സമ്പന്നർക്കുള്ള ഹാൻഡ് സാനിറ്റൈസറുകൾ നിർമിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സാനിറ്റൈരസർ നിർമിക്കാൻ ഭക്ഷ്യധാന്യം ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളിൽ പലർക്കും ആവശ്യത്തിന് ഭക്ഷ്യസാധനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന പരാതി നിലനിൽക്കെയാണ് ഇത്തരമൊരു തീരുമാനവും.

മിച്ചമുള്ള ഭക്ഷ്യധാന്യങ്ങൾ എഥനോളായി മാറ്റാൻ ദേശീയ ബയോഫ്യൂവൽ നയം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രം പറയുന്നു. രാജ്യത്തെ ജനങ്ങൾക്കുള്ള കരുതൽ ശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരുമെന്നും കേന്ദ്രം പറഞ്ഞു.

Share this story