ചൈനയിൽ നിന്നെത്തിയത് മോശം കിറ്റുകൾ; കേന്ദ്രസർക്കാർ പൊതുപണം പാഴാക്കിയെന്ന് ശശി തരൂർ

ചൈനയിൽ നിന്നെത്തിയത് മോശം കിറ്റുകൾ; കേന്ദ്രസർക്കാർ പൊതുപണം പാഴാക്കിയെന്ന് ശശി തരൂർ

ചൈനയിൽ നിന്ന് പിഴവുകളുള്ള കൊവിഡ് റാപിഡ് ആന്റി ബോഡി കിറ്റുകൾ വാങ്ങി കേന്ദ്രസർക്കാർ പണവും സമയവും പാഴാക്കിയെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വാങ്ങിയ കിറ്റുകളിൽ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. കേന്ദ്രസർക്കാരും ഐസിഎംആറും നയത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും പരാജയമാണെന്നും തരൂർ ചൂണ്ടിക്കാട്ടി

പൊതു പണം പാഴാക്കിയതിനും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കിയതിനും ആരാണ് ഉത്തരവാദിയെന്നും തരൂർ ചോദിച്ചു. യു എസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേതു പോലെ കിറ്റുകൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയായിരുന്നു വേണ്ടത്. എന്നാൽ കേന്ദ്രം അത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തിയില്ല

ചൈനയിൽ നിന്നെത്തിയ കിറ്റുകളിൽ ഭൂരിഭാഗവും ഗുണനിലവാരം ഇല്ലെന്ന് കണ്ട് ഇതിന്റെ ഉപയോഗം നിർത്തിവെക്കാൻ ഐസിഎംആർ നിർദേശം നൽകിയിരുന്നു. അഞ്ച് ലക്ഷം റാപിഡ് കിറ്റുകളാണ് ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങിയത്.

വിവിധ സംസ്ഥാനങ്ങൾക്ക് ഈ കിറ്റുകൾ കേന്ദ്രം നൽകിയിരുന്നു. എന്നാൽ ഗുണകരമല്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യാപകമായി പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഐസിഎംആർ ഇതിന്റെ ഉപയോഗം നിർത്തിവെക്കാൻ നിർദേശിച്ചത്.

Share this story