ചൈനയിൽ നിന്ന് ഉപയോഗ്യശൂന്യമായ പരിശോധന കിറ്റ് ഇറക്കിയത് ഇരട്ടിവിലക്ക്; അഴിമതി പുറത്തായത് കോടതിയിൽ

ചൈനയിൽ നിന്ന് ഉപയോഗ്യശൂന്യമായ പരിശോധന കിറ്റ് ഇറക്കിയത് ഇരട്ടിവിലക്ക്; അഴിമതി പുറത്തായത് കോടതിയിൽ

ചൈനയിൽ നിന്ന് ഉപയോഗ്യശൂന്യമായ കൊവിഡ് 19 റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ ഇന്ത്യ വാങ്ങിയത് ഇരട്ടി വിലക്കെന്ന് റിപ്പോർട്ട്. കിറ്റുകൾ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മിൽ ഡൽഹി ഹൈക്കോടതിയിൽ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് വൻ അഴിമതി പുറത്തായത്.

റിയൽ മെറ്റബോളിക്‌സ്, ആർക്ക് ഫാർമസിക്യൂട്ടിക്കൽ എന്നീ കമ്പനികൾ മുഖേനയാണ് കേന്ദ്ര സർക്കാർ ചൈനയിൽ നിന്ന് കിറ്റുകൾ ഇറക്കുമതി ചെയ്തത്. കേന്ദ്രത്തിന് വേണ്ടി ഐസിഎംആറാണ് അഞ്ച് ലക്ഷം കിറ്റുകൾക്ക് മാർച്ച് 27ന് ഓർഡർ നൽകിയത്. ഇറക്കുമതിക്കാരായ മാട്രിക്‌സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിലാണ് നൽകിയത്. വിതരണക്കാരായ റിയൽ മെറ്റബോളിക്‌സും ആർക്ക് ഫാർമസ്യൂട്ടിക്കൽസും ഇത് സർക്കാരിന് നൽകിയത് ഒരു കിറ്റിന് 600 രൂപ നിരക്കിലായിരുന്നു

തമിഴ്‌നാട് സർക്കാർ സ്വന്തം നിലയിലും ഇതേ ഇറക്കുമതിക്കാരിൽ നിന്ന് കിറ്റുകൾ വാങ്ങിയിരുന്നു. ഷാൻ ബയോടെക് എന്ന വിതരണക്കാർ മുഖേന ഒരു കിറ്റിന് 600 രൂപ വെച്ച് നൽകി. എന്നാൽ ഷാൻ ബയോടെക് തമിഴ്‌നാട് സർക്കാരിന് കിറ്റുകൾ വിതരണം ചെയ്തത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റിയൽ മെറ്റബോളിക്‌സ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഇതോടെയാണ് അഴിമതി പുറത്താകുന്നത്.

അമിത ലാഭം ഈടാക്കിയാണ് കമ്പനികൾ ഇടപാട് നടത്തിയതെന്ന് കോടതി കണ്ടെത്തി. തുടർന്ന് കിറ്റുകളുടെ വില 400 രൂപയിൽ താഴെയാക്കി കുറയ്ക്കാൻ കോടതി ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികളുടെ നേട്ടത്തേക്കാൾ സമൂഹത്തിന്റെ താത്പര്യമാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം 528-795 രൂപയാണ് ടെസ്റ്റ് കിറ്റുകളുടെ വിലയുടെ പരിധിയായി ഐസിഎംആർ നിശ്ചയിച്ചിരുന്നത്. എന്നിട്ടും ഗുണനിലവാരമില്ലാത്ത കിറ്റുകൾക്ക് 600 രൂപ എങ്ങനെ നൽകിയെന്നത് സംശയകരമാണ്.

Share this story