രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 30,000ത്തിലേക്ക്; 24 മണിക്കൂറിനിടെ പൊലിഞ്ഞത് 62 ജീവനുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 30,000ത്തിലേക്ക്; 24 മണിക്കൂറിനിടെ പൊലിഞ്ഞത് 62 ജീവനുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച രാവിലെ പുറത്തുവിട്ട കണക്കു പ്രകാരം 934 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പുതുതായി 1543 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിനോടകം 29,435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 6869 പേർക്കാണ് ഇതിനോടകം രോഗം ഭേദമായത്. ആകെ രോഗികളിൽ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 8590 ആയി ഉയർന്നു. 369 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഗുജറാത്തിൽ 3548 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 3108 ആയി. 54 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

രാജസ്ഥാനിൽ 2262 പേർക്കും മധ്യപ്രദേശിൽ 2165 പേർക്കും വൈറസ് സ്ഥിരീകരിച്ചു. യുപി, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്.

Share this story