ഗൾഫിൽ നിന്നുള്ള ഇന്ത്യക്കാരെ കടൽമാർഗവും എത്തിക്കും; യുദ്ധക്കപ്പലുകൾ സജ്ജമായി

ഗൾഫിൽ നിന്നുള്ള ഇന്ത്യക്കാരെ കടൽമാർഗവും എത്തിക്കും; യുദ്ധക്കപ്പലുകൾ സജ്ജമായി

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ കടൽ മാർഗവും നാട്ടിലെത്തിക്കും. നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഇതിനായി തയ്യാറായിട്ടുണ്ട്. മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യവുമായി പോകുക. കപ്പലുകൾ സജ്ജമാക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം തന്നെ നാവികസേനക്ക് നിർദേശം നൽകിയിരുന്നു

കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചാലുടൻ കപ്പലുകൾ ഗൾഫ് തീരത്തേക്ക് നീങ്ങും. ഐഎൻഎസ് ജലാശ്വ എന്ന വൻ കപ്പലും കുംഭിർ ക്ലാസിൽപ്പെട്ട രണ്ട് ടാങ്ക് ലാൻഡിംഗ് കപ്പലുകളുമാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ഉപയോഗിക്കുക.

1000 പേരെ ഐഎൻഎസ് ജലാശ്വക്ക് ഉൾക്കൊള്ളാൻ സാധിക്കും. സാമൂഹിക അകലം പാലിച്ച് 850 പേരെ ഇതിൽ തിരികെ എത്തിക്കാനാകും. മറ്റ് രണ്ട് കപ്പലുകളിലും നൂറുകണക്കിന് ആളുകളെ വീതം ഉൾക്കൊള്ളിക്കാം. നിലവിൽ പോകുന്ന മൂന്ന് കപ്പലുകൾക്ക് പുറമെ ആറ് ടാങ്ക് ലാൻഡിംഗ് കപ്പലുകൾ കൂടി സജ്ജമാക്കി വെക്കും. ആവശ്യമെന്ന് കണ്ടാൽ ഇവ കൂടി ഗൾഫിലേക്ക് അയക്കാനാണ് തീരുമാനം

ആദ്യഘട്ടമെന്ന നിലയിൽ അടിയന്തര ആവശ്യങ്ങളുള്ള ഇന്ത്യക്കാരെ മാത്രമാകും ഒഴിപ്പിക്കുക. കുടുംബത്തിലുണ്ടായ അത്യാഹിതങ്ങൾ, ജോലി നഷ്ടപ്പെടൽ, വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിപ്പിക്കൽ തുടങ്ങിയ കാരണങ്ങൾ ഉള്ളവർക്ക് മുൻഗണനയുണ്ടാകും. വിവിധ ഗൾഫ് രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.

Share this story