ആന്ധ്ര-തമിഴ്‌നാട് അതിർത്തിയിൽ റോഡിന് കുറുകെ മതിൽ കെട്ടി അടച്ചു

ആന്ധ്ര-തമിഴ്‌നാട് അതിർത്തിയിൽ റോഡിന് കുറുകെ മതിൽ കെട്ടി അടച്ചു

ആന്ധ്ര-തമിഴ്‌നാട് അതിർത്തിയായ വെല്ലൂരിൽ റോഡിന് കുറുകെ മതിൽ കെട്ടി അടച്ചു. വെല്ലൂർ ജില്ലാ കലക്ടർ എ ഷൺമുഖസുന്ദരത്തിന്റെ ഉത്തരവിനെ തുടർന്നാണ് മാത്താണ്ഡകുപ്പത്തിലെ സൈനഗുണ്ട, പൊന്നൈ എന്നീ രണ്ട് ചെക്ക് പോസ്റ്റുകളിൽ മതിൽ കെട്ടിപ്പൊക്കിയത്.

അഞ്ചടി ഉയരത്തിൽ റോഡിന് കുറുകെയാണ് മതിൽ നിർമിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതിർത്തി കടന്നുള്ള യാത്ര അവസാനിപ്പിക്കുന്നതിനായാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു

അതേസമയം സേർക്കാട്, പാത്താലപള്ളി ഉൾപ്പെടെ നാല് അതിർത്തി ചെക്ക് പോസ്റ്റുകൾ തുറന്നിടുമെന്നും അധികൃതർ അറിയിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയും ആന്ധ്രയിലെ ചിറ്റൂർ ജില്ലകളും അതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന പാതകളാണ് അടച്ചത്.

തമിഴ്‌നാടിന്റെ നടപടിക്കെതിരെ ആന്ധ്ര രൂക്ഷവിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ അവശ്യ സർവീസുകളെയൊന്നും മതിൽ നിർമാണം ബാധിക്കില്ലെന്നാണ് വെല്ലൂർ കലക്ടർ പ്രതികരിച്ചത്.

Share this story