മഹാരാഷ്ട്രയിൽ നിന്ന് യുപിയിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച കുടിയേറ്റ തൊഴിലാളി വഴിമധ്യേ മരിച്ചു

മഹാരാഷ്ട്രയിൽ നിന്ന് യുപിയിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച കുടിയേറ്റ തൊഴിലാളി വഴിമധ്യേ മരിച്ചു

ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ മഹാരാഷ്ട്രയിലെ തൊഴിൽ സ്ഥലത്ത് നിന്നും ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളി വഴിമധ്യേ മരിച്ചു. തബ്രീക് അൻസാരി എന്നയാളാണ് മരിച്ചത്. മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ വെച്ചായിരുന്നു മരണം. ഇപ്പോഴേക്കും ഇയാൾ സൈക്കിളിൽ 350 കിലോമീറ്റർ ദൂരം പിന്നിട്ടിരുന്നു

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് പത്ത് തൊഴിലാളികൾക്കൊപ്പം ഇദ്ദേഹം യാത്ര തിരിച്ചത്. നാട്ടിലേക്ക് മടങ്ങാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാതെ വന്നതോടെയാണ് നാട്ടിലേക്ക് മടങ്ങിയതെന്നും സംഘാംഗങ്ങൾ പറയുന്നു.

യുപിയിലെ മഹാരാജ്ഗഞ്ചിലേക്കാണ് ഇവർ സൈക്കിളിൽ യാത്ര തിരിച്ചത്. എന്നാൽ ബർവാനിയിൽ എത്തിയപ്പോഴേക്കും തബ്രീകിന് തലകറക്കമുണ്ടാകുകയും റോഡിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു.

നിർജലീകരണവും അമിതമായ ക്ഷീണവുമാണ് മരണകാരണം എന്ന് ഡോക്ടർമാർ അറിയിച്ചു. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബർവാനിയിൽ 10 ദിവസത്തിനിടെ മരിക്കുന്ന മൂന്നാമത്തെ കുടിയേറ്റ തൊഴിലാളിയാണ് തബ്രീക്‌

Share this story