തിരിച്ചെത്താനുള്ളത് പത്ത് ലക്ഷത്തോളം പേർ; ആശങ്കയോടെ ബീഹാർ

തിരിച്ചെത്താനുള്ളത് പത്ത് ലക്ഷത്തോളം പേർ; ആശങ്കയോടെ ബീഹാർ

ലോക്ക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നോൺ സ്‌റ്റോപ്പ് ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ബീഹാറിലേക്ക് തിരിച്ചെത്താനിരിക്കുന്നത് പത്ത് ലക്ഷത്തോളം പേർ. രാജ്യത്ത് തന്നെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ ബീഹാറിലേക്ക് ലക്ഷക്കണക്കിന് ആളുകൾ കൂടി തിരിച്ചെത്തുന്നതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തിന് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ദേശീയ ശരാശരിയേക്കാളും ഇരട്ടിയാണ് ബിഹാറിലെ തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ വർഷം 10.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കിൽ ഇത്തവണ 46.6 ശതമാനത്തിലേക്ക് ഉയർന്നു

ഫെബ്രുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സയൻസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ബീഹാറിലെ പകുതിയിലേറെ കുടുംബങ്ങളിലെയും അംഗങ്ങൾക്ക് തൊഴിൽ തേടി അന്യ ദേശത്തേക്ക് പോകേണ്ടി വരുന്നതായി കണ്ടെത്തിയിരുന്നു. സ്വന്തമായി ഭൂമി പോലും ഇല്ലാത്തവരാണ് ഇത്തരത്തിൽ കുടിയേറുന്നവർ.

രാജ്യത്ത് ഏറ്റവുമധികം കുടിയേറ്റ തൊഴിലാളികൾ ഉള്ളത് യുപിയിലും ബിഹാറിലുമാണ്. 2.9 കോടി ജനങ്ങളാണ് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമായി അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോയിട്ടുള്ളത്. കുടിയേറ്റ തൊഴിലാളികളിൽ 22 ശതമാനം പേരും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽ പെടുന്നവരുമാണ്.

ലക്ഷക്കണക്കിന് ആളുകൾ തൊഴിൽ രഹിതരായി തിരിച്ചെത്തുന്നതോടെ ഇവരുടെ കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങും. കടുത്ത സാമൂഹിക പ്രശ്‌നങ്ങളും മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ നേരിടേണ്ടതായുണ്ട്. ഇവര്‍ വരുമ്പോള്‍ തടയുന്നതിനായി പല സ്ഥലത്തേക്കുമുള്ള റോഡുകള്‍ ഗ്രാമീണര്‍ അടച്ചു കഴിഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this story