കോയമ്പേടിന് പിന്നാലെ തമിഴ്‌നാട്ടിലെ തിരുവാൺമൂർ ചന്തയിലും കൊവിഡ് സ്ഥിരീകരിച്ചു; 70 പേർക്ക് രോഗബാധ

കോയമ്പേടിന് പിന്നാലെ തമിഴ്‌നാട്ടിലെ തിരുവാൺമൂർ ചന്തയിലും കൊവിഡ് സ്ഥിരീകരിച്ചു; 70 പേർക്ക് രോഗബാധ

തമിഴ്‌നാട്ടിലെ തിരുവാൺമൂർ ചന്തയിലും വന്നുപോയവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പച്ചക്കറി ചന്തയായ കോയമ്പേടിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 527 കേസുകളിൽ കൂടുതലും കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടതായിരുന്നു. ചെന്നൈയിൽ മാത്രം റിപ്പോർട്ട് ചെയ്ത 266 കേസുകളിൽ 215ഉം കോയമ്പേട് മാർക്കറ്റിൽ വന്നുപോയവർക്കാണ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റാണ് കോയമ്പേട്. ഇവിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത് സമൂഹവ്യാപനത്തിനാണ് തമിഴ്‌നാട്ടിൽ വഴിവെച്ചിരിക്കുന്നത്. സമാന ഭീഷണിയാണ് തിരുവാൺമൂർ ചന്തയിൽ നിന്നുമുണ്ടാകുന്നത്.

295 ഏക്കറിൽ പടർന്നുകിടക്കുന്ന കോയമ്പേട് മാർക്കറ്റിൽ 3000ത്തിലേറെ കടകളും പതിനായിരത്തിലേറെ കച്ചവടക്കാരുമുണ്ട്. മാർച്ച് അവസാനത്തോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കോയമ്പേട്ടിൽ കച്ചവടം തടസ്സമില്ലാതെ നടന്നിരുന്നു. തമിഴ്‌നാട്ടിലെ 12 ഓളം ജില്ലകളിൽ കൊവിഡ് വ്യാപിക്കുന്നതിന് കാരണവും കോയമ്പേട് മാർക്കറ്റാണ്.

Share this story