മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മദ്യം വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകൾ അടച്ചുപുട്ടാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.

എന്നാൽ ഒരു ഉത്തരവും ഇക്കാര്യത്തിൽ പുറപ്പെടുവിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ ഓൺലൈനായി മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബി ആർ ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന്റേതാണ് നിർദേശം. മൂന്നാം ഘട്ട ലോക്ക് ഡൗണിൽ മദ്യശാലകൾ തുറക്കുന്നതിൽ കേന്ദ്രം ഇളവുകൾ നൽകിയിരുന്നു. എന്നാൽ പലയിടത്തും വലിയ തിരക്കാണ് മദ്യശാലകൾക്ക് മുന്നിൽ അനുഭവപ്പെട്ടത്.

അതേസമയം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല. പഞ്ചാബ്, തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങൾ മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Share this story