മംഗലാപുരത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; പോലീസുമായി സംഘർഷം

മംഗലാപുരത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; പോലീസുമായി സംഘർഷം

ലോക്ക് ഡൗണിനെ തുടർന്ന് മംഗലാപുരത്ത് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. നൂറുകണക്കിന് തൊഴിലാളികളാണ് റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം പ്രതിഷേധത്തെ തുടർന്ന് കർണാട സർക്കാർ റദ്ദാക്കിയെങ്കിലും പുതിയ ട്രെയിനുകൾ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല

ജാർഖണ്ഡ്, ബംഗാൾ, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് റെയിൽവേ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. ക്യാമ്പുകളിൽ ഭക്ഷണമില്ലെന്നും നാട്ടിലെത്താൻ ട്രെയിൻ ഏർപ്പാടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പോലീസുമായി വാക്കേറ്റവും ഉന്തുംതള്ളും നടന്നു.

മൂന്ന് ദിവസത്തിനുള്ളിൽ ട്രെയിനുണ്ടാകുമെന്ന ഉറപ്പിലാണ് തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്. ഇവരെ ബസുകളിൽ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.

പ്രത്യേക ട്രെയിനുകളിൽ നാട്ടിലേക്ക് പോകാൻ ദിവസങ്ങൾക്ക് മുമ്പേ ഇവർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കർണാടക സർക്കാർ ട്രെയിനുകൾ റദ്ദാക്കുകയായിരുന്നു. വൻകിട നിർമാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ട്രെയിനുകൾ കർണാടക റദ്ദാക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതും.

Share this story