24 മണിക്കൂറിനിടെ 4213 പുതിയ രോഗികൾ, 97 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു

24 മണിക്കൂറിനിടെ 4213 പുതിയ രോഗികൾ, 97 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 67152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ഇതാദ്യമായാണ് ഒരു ദിവസത്തിൽ നാലായിരത്തിലേറെ രോഗികൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസത്തിനിടെ 97 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2206 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഞായറാഴ്ച 1934 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

മുംബൈയിൽ 875 കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട് 669 പേർക്കും ഗുജറാത്തിൽ 398 പേർക്കും ഡൽഹിയിൽ 381 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ, ഒഡീഷ, ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് 321 കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. കുടിയേറ്റ തൊഴിലാളികളുടെ മടക്കം രോഗബാധ വർധിപ്പിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

ഗുജറാത്തിൽ 8195 പേരും ഡൽഹിയിൽ 6923 പേരും നിലവിൽ ചികിത്സയിലാണ്. ഗുജരാത്തിൽ 493 പേരാണ് ഇതിനോടകം മരിച്ചത്. മധ്യപ്രദേശിൽ 215 പേരും മരിച്ചു. മധ്യപ്രദേശിൽ 3614 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Share this story