മുപ്പതിനായിരം രൂപ കാർ വാടക കൊടുത്ത് നാട്ടിലെത്തി; വീട്ടിൽ കയറ്റാതെ ഭാര്യ

മുപ്പതിനായിരം രൂപ കാർ വാടക കൊടുത്ത് നാട്ടിലെത്തി; വീട്ടിൽ കയറ്റാതെ ഭാര്യ

ലോക്ക് ഡൗൺ കാലത്ത് ഭാര്യയേയും മക്കളെയും കാണാൻ അസമിൽ നിന്നും മുപ്പതിനായിരം രൂപ വാടകയ്ക്ക് കാറ് പിടിച്ച് ത്രിപുരയിലെത്തിയ യുവാവിനെ വീട്ടിൽ കയറ്റാതെ ഭാര്യ. ഗോബിന്ദ ദേബ്നാഥ് എന്ന തൊഴിലാളിക്കാണ് ഇങ്ങനെയൊരു ഗതികേട് ഉണ്ടായത്.

 

37 കാരനായ ഗോബിന്ദ ഭാര്യ സഹോദരനെ സന്ദർശിക്കാനാണ് ഭാര്യ പിതാവിനൊപ്പം അസമിലെ സിലാപത്തറിൽ പോയത്. ഇരുവരും അസമിലെത്തിയതിനു പിന്നാലെയാണ് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ രണ്ടു പേരും അവിടെ കുടുങ്ങിപ്പോയി. ലോക്ക് ഡൗൺ നീണ്ടു പോകാൻ തുടങ്ങിയതോടെ എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നായി ഗോബിന്ദ. അങ്ങനെയാണ് മുപ്പതിനായിരം രൂപ മുടക്കി കാറിൽ അഗർത്തലയിലേക്ക് പോന്നത്.

മറ്റൊരു സംസ്ഥാനത്ത് നിന്നാണ് വന്നതെന്നാൽ ഗോബിന്ദ കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തു. പരിശോധനയിൽ ഗോബിന്ദ നെഗറ്റീവ് ആയതിനാൽ ആരോഗ്യവകുപ്പ് അധികൃതർ അദ്ദേഹത്തെ വീട്ടിൽ പോകാൻ അനുവദിച്ചു തുടർന്ന് പൊലീസ് ഗോബിന്ദയേയും കൂട്ടി വീട്ടിലെത്തി. എന്നാൽ, ഗോബിന്ദയെ വീട്ടിൽ കയറ്റാൻ ഭാര്യ സമ്മതിച്ചില്ല.

 

രോഗിയായ അമ്മയും ചെറിയ കുട്ടിയും ഉണ്ടെന്നും ഗോബിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കിൽ തന്നെയും ക്വാറന്റീനിൽ ആക്കുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പ്രയാസമാണെന്നുമായിരുന്നു ഭാര്യ പറഞ്ഞത്. ഇപ്പോൾ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ ഭർത്താവിനോട് പറഞ്ഞിരുന്നതാണെന്നും ഗോബിന്ദയുടെ ഭാര്യ പൊലീസിനെ അറിയിച്ചു. തന്റെ ഭർത്താവിനെ മറ്റെവിടെയെങ്കിലും നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് ഭാര്യ ആവശ്യപ്പെടുന്നത്. ഇതിനിടയിൽ ഗോബിന്ദയെ വീട്ടിൽ കയറ്റുന്നതിനെതിരേ അയൽക്കാരും രംഗത്തെത്തി. മറ്റൊരു സ്ഥലത്തു നിന്നും വന്ന ഗോബിന്ദയ്ക്ക് രോഗബാധയുണ്ടാകുമെന്ന ഭയമായിരുന്നു പ്രദേശവാസികൾക്ക്. പ്രശ്നം രൂക്ഷമായതോടെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഗോബിന്ദയുടെ ഭാര്യയെ ഉൾപ്പെടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഗോബിന്ദയെ ക്വാറന്റീൻ കനേന്ദ്രത്തിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.

Share this story