ബീഹാറിലേക്ക് ഇതുവരെ തിരിച്ചെത്തിയത് ഒരു ലക്ഷത്തോളം തൊഴിലാളികൾ, വരാനുള്ളത് രണ്ട് ലക്ഷത്തിലധികം; രോഗവ്യാപനം രൂക്ഷമാകുന്നു

ബീഹാറിലേക്ക് ഇതുവരെ തിരിച്ചെത്തിയത് ഒരു ലക്ഷത്തോളം തൊഴിലാളികൾ, വരാനുള്ളത് രണ്ട് ലക്ഷത്തിലധികം; രോഗവ്യാപനം രൂക്ഷമാകുന്നു

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഞായറാഴ്ച വരെ ബീഹാറിൽ തിരിച്ചെത്തിയത് ഒരു ലക്ഷത്തോളം തൊഴിലാളികൾ. 83 ട്രെയിനുകളാണ് ബീഹാറിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സർവീസ് നടത്തിയത്. ട്രെയിനിൽ കൂടാതെ നടന്നും സൈക്കിളിലും മറ്റ് വാഹനങ്ങൾ കയറിയും സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവരുമുണ്ട്.

സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ രോഗികളുടെ എണ്ണത്തിലും വർധനവുണ്ടാകുകയാണ്. എഴുന്നൂറോളം പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 300ലധികം പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആറ് മരണവും സംസ്ഥാനത്തുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വരവോടെ 142 കേസുകളാണ് ബീഹാറിൽ റിപ്പോർട്ട് ചെയ്തത്.

38 ജില്ലകളിൽ 37 ജില്ലകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് നാലിന് മഹാരാഷ്ട്രയിൽ നിന്ന് ബീഹാറിലെത്തിയ 30 പേർക്കും ഗുജറാത്തിൽ നിന്നെത്തിയ 22 പേർക്കും ഡൽഹിയിൽ നിന്നെത്തിയ എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. തൊഴിലാളികളുടെ മടങ്ങി വരവിന് മുമ്പ് സാമ്പിളുകളുടെ പരിശോധന 1.8 ശതമാനമായിരുന്നു. നിലവിൽ അത് 4.5 ശതമാനമായി വർധിച്ചതായി അധികൃതർ പറയുന്നു

രണ്ട് ലക്ഷത്തിലധികം പേർ ഇനിയും സംസ്ഥാനത്തേക്ക് മടങ്ങിയെത്താനുണ്ടെന്നാണ് കണക്കുകൾ. മെയ് 17 വരെ 86 ട്രെയിനുകൾ കൂടി സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. 3474 ക്വാറന്റൈൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 98814 പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

Share this story