ആശങ്കയൊഴിയാതെ രാജ്യം: 24 മണിക്കൂറിനിടെ 3970 കൊവിഡ് രോഗികൾ; 103 മരണം

ആശങ്കയൊഴിയാതെ രാജ്യം: 24 മണിക്കൂറിനിടെ 3970 കൊവിഡ് രോഗികൾ; 103 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3970 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 103 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 2752 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1567 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനോടകം 21467 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 17,000 പേർക്ക് രോഗബാധയുണ്ടായി. മെയ് അവസാനത്തോടെ 30,000ലധികം രോഗബാധിതർ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. മുംബൈയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ വർധിപ്പിക്കാനുള്ള ശ്രമം മുംബൈ കോർപറേഷൻ ആരംഭിച്ചു. ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാനും തീരുമാനമായിട്ടുണ്ട്

വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയം ക്വാറന്റൈൻ കേന്ദ്രമാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകിയിരുന്നു. ഇതിൽ അനുകൂല മറുപടി ലഭിച്ചതോടെ തുടർ നടപടികൾ ആരംഭിച്ചു. നാനൂറിലധികം പേരെ ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനാകുമെന്നാണ് കരുതുന്നത്.

മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമിയാണ് മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അംബി സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ചെന്നൈയിൽ മാത്രം 700 തെരുവുകൾ അധികൃതർ അടച്ചുപൂട്ടി.

Share this story