ഡൽഹി ജയിലിൽ 15 തടവുകാർക്ക് കൊവിഡ്

ഡൽഹി ജയിലിൽ 15 തടവുകാർക്ക് കൊവിഡ്

ഡൽഹിയിലെ രോഹിണി ജയിലിൽ കൂടുതൽ തടവുകാർക്ക് കൊവിഡ്. ഇവർക്കൊപ്പം ജയിലിലെ ഒരു ജോലിക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 ജയിൽ തടവുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുൻപ് ഇതേ ജയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സഹതടവുകാർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 

കഴിഞ്ഞ ദിവസമാണ് ആദ്യത്തെയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് ഇയാളെ മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നുമാണ് വിവരം. ഇതേ തുടർന്നാണ് ജയിലിൽ കൂടുതൽ പേർക്ക് കൊവിഡ് പരിശോധന നടത്തിയതെന്ന് ജയിൽ ഡിജിപി സന്ദീപ് ഗോയൽ പറഞ്ഞു. ഇയാളുടെ സഹതടവുകാരായ 19 പേർക്ക് കൊവിഡ് പരിശോധന നടത്തി. അതിലാണ് 15 പേർക്ക് രോഗ ബാധ കണ്ടെത്തിയത്. ഒരു ബാരക്കിലാണ് ഇവരെല്ലാവരും തടവിൽ കഴിഞ്ഞിരുന്നത്.

അതേസമയം ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം 9000 കടന്നു. 438 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. 129 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ കൊവിഡ് കേസുകളിൽ ഡൽഹി നാലാം സ്ഥാനത്താണ്.

Share this story