കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയർന്നു

കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയർന്നു

കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയിൽ ഇതുവരെ 82,933 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3970 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോർട്ട് ചെയ്തു. 2752 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം, 30152 പേർ രോഗമുക്തരായി. ഗുജറാത്തിൽ കൊവിഡ് കേസുകൾ 10000 കടന്നു. ജയ്പുരിൽ 116 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

മൂന്നാം ലോക്ക് ഡൗൺ അവസാനിക്കുന്നതിന് തൊട്ടുതലേദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നത്. എന്നാൽ, മരണനിരക്ക് ചൈനയേക്കാൾ പിന്നിലാണെന്നത് ആശ്വാസമായി. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 35.1 ശതമാനമായി ഉയർന്നു. പോസിറ്റീവ് കേസുകളുടെ 34 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. തമിഴ്‌നാട്ടിൽ നിന്ന് 11.8 ശതമാനവും ഗുജറാത്തിൽ നിന്ന് 11.6 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 477 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. 10585 പോസിറ്റീവ് കേസുകളിൽ 6278ഉം ചെന്നൈയിലാണ്. ഗുജറാത്തിൽ കൊവിഡ് കേസുകൾ 10000 കടന്നു. 24 മണിക്കൂറിനിടെ 348 പോസിറ്റീവ് കേസുകളും 19 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 10280ഉം മരണം 625ഉം ആയി.

ഡൽഹിയിൽ കൊവിഡ് കേസുകൾ 9333 ആയി ഉയർന്നു. 129 പേർക്ക് ജീവൻ നഷ്ടമായി. രോഹിണിയിലെ ജയിലിൽ 15 തടവുകാർക്കും, ഒരു ജയിൽ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് സിഐഎസ്എഫ് ജവാന്മാർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ആകെ കൊവിഡ് കേസുകൾ 4924 ആയി. 125 പേർ മരിച്ചു. ജയ്പുർ ജയിലിലെ 116 തടവുകാർക്ക് കൊവിഡ് പിടിപ്പെട്ടു. കേരളം, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Share this story