എംഫാൻ അതിതീവ്രാവസ്ഥയിലേക്ക്, ബുധനാഴ്ചയോടെ തീരം തൊടും; കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

എംഫാൻ അതിതീവ്രാവസ്ഥയിലേക്ക്, ബുധനാഴ്ചയോടെ തീരം തൊടും; കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

എംഫാൻ അതീതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും ബംഗാളിലെ ദിഖയുടെ 1110 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്.

230 കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. ഒഡീഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. കേരളത്തിൽ ഇന്നും മഴ തുടരുകയാണ്. ഇന്നലെ രാത്രി തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. പുലർച്ചെയോടെ വടക്കൻ ജില്ലകളിലും മഴ ശക്തിപ്രാപിച്ചിട്ടുണ്ട്.

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ലക്ഷദ്വീപിലുമാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒഡീഷയിൽ വൻ രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കുമാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളെ കൂട്ടത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിക്കുകയെന്നത് വെല്ലുവിളിയാണ്. സാമൂഹിക അകലം പാലിച്ച് ആളുകളെ പാർപ്പിക്കാനാകുന്ന രക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ഒഡീഷ സർക്കാർ അറിയിച്ചു. നാളെയോടെ തീരമേഖലകളിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കും.

Share this story