മെയ് 16ന് കൊവിഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനം പാഴായി; ലോക്ക് ഡൗൺ പരാജയമെന്ന് കണക്കുകൾ

മെയ് 16ന് കൊവിഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനം പാഴായി; ലോക്ക് ഡൗൺ പരാജയമെന്ന് കണക്കുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 24ന് രാത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. നിലവിൽ ലോക്ക് ഡൗണിന്റെ നാലാം ഘട്ടമാണ് നടക്കുന്നത്. പക്ഷേ കൊവിഡ് വ്യാപനം കുറയ്ക്കാനായില്ലെന്ന് മാത്രമല്ല വ്യാപനത്തിന്റെ തോത് ഉയരുന്നതും രാജ്യത്ത് ചെറിയ ആശങ്കയല്ല ഉണ്ടാക്കുന്നത്. ഏഷ്യയിൽ ഏറ്റവുമധികം കൊവിഡ് വ്യാപനമുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന ബ്ലുംബർഗിന്റെ റിപ്പോർട്ടും ഈ ആശങ്ക വർധിപ്പിക്കുന്നതാണ്

21 ദിവസത്തേക്ക് ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി നിരവധി വാഗ്ദാനങ്ങളാണ് നൽകിയിരുന്നത്. കൊവിഡിനെ നാം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നതായിരുന്നു ഇതിലെ പ്രധാന വാഗ്ദാനം. മെയ് 16ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തുമെന്ന് നീതി ആയോഗ് അംഗം വി കെ പോളും പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തിനും നിലവിൽ മറുപടിയില്ല.

മെയ് 16ന് കൊവിഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനം പാഴായി; ലോക്ക് ഡൗൺ പരാജയമെന്ന് കണക്കുകൾ

21 ദിവസം നീണ്ടുനിൽക്കുന്ന മഹാഭാരത യുദ്ധമെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം. രണ്ടാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഈ യുദ്ധം ഏറെനാൾ നീണ്ടു നിൽക്കുമെന്ന് അദ്ദേഹം തിരുത്തി. നിലവിലെ അവസ്ഥയിൽ രാജ്യത്ത് അയ്യായിരത്തോളം രോഗികളാണ് പുതുതായി ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗികളുടെ എണ്ണം ഒരു ലക്ഷവും കടന്നു.

ആദ്യ ലോക്ക് ഡൗൺ ആരംഭിക്കുമ്പോൾ 550 കൊവിഡ് കേസുകളാണ് രാജ്യത്തുണ്ടായിരുന്നത്. രണ്ട് മാസം തികയുന്നതിന് മുമ്പ് തന്നെ ഇത് ഒരു ലക്ഷം കടന്നു. പുറത്തുനിന്ന് വന്ന വൈറസ് തടയാനുള്ള ശക്തമായ നടപടികളിൽ സർക്കാർ പരാജയപ്പെട്ടു. റാപിഡ് ടെസ്റ്റിനുള്ള ശ്രമം പരാജയപ്പെട്ടതും ചൈനയിൽ നിന്ന് വൻ തുകക്ക് ഇറക്കിയ കിറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായതും രോഗബാധ ആദ്യ ഘട്ടത്തിൽ കണ്ടെത്തുന്നതിൽ പിഴവുണ്ടാക്കി.

കൊവിഡിനെ ചെറുക്കാൻ ലോക്ക് ഡൗൺ എന്ന മാർഗം മാത്രമേയുള്ളു എന്നായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. എന്നിട്ടും മഹാരാഷ്ട്രയിലും ഗുജറാത്തിലും ആളുകൾ മരിച്ചുവീണു. യാതൊരു ആസൂത്രണവുമില്ലാതെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപനം. ലക്ഷക്കണക്കിന് ജനങ്ങളെയാണ് ഇത് ദുരിതത്തിലാക്കിയത്. സ്വന്തം നാടുകളിലേക്ക് എത്തിപ്പെടാനാകാതെ ആളുകൾ കഷ്ടപ്പെടുന്നതും തെരുവുകളിൽ മരിച്ചു വീഴുന്നതു കാണേണ്ടി വന്നു. സാമ്പത്തിക രംഗങ്ങളാകെ മരവിച്ചു. സംസ്ഥാനങ്ങൾക്ക് ചെലവിന് പോലും വകയില്ലാത്ത സ്ഥിതിയുണ്ടായി.

മെയ് 16ന് കൊവിഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനം പാഴായി; ലോക്ക് ഡൗൺ പരാജയമെന്ന് കണക്കുകൾ

നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാതെ മറ്റ് മാർഗം കേന്ദ്രസർക്കാരിനില്ലായിരുന്നു. പക്ഷേ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും നാലാം ഘട്ടത്തിലാണെന്നതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയിലെ രോഗവ്യാപന തോത് 28 ശതമാനം ഉയർന്നുവെന്നാണ് കണക്കുകൾ.

വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അനുവദിച്ച ശേഷം ലോക്ക് ഡൗൺ പ്രഖ്യാപിക്കണമായിരുന്നുവെന്ന് വിവിധ പ്രതിപക്ഷ പാർട്ടികളും വിദഗ്ധരും അന്നേ ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ എന്തിനെയും വികാരപരമായി സമീപിക്കുന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റേതും. ജനങ്ങളെ ആവേശം കൊള്ളിക്കാനുള്ള മഹാഭാരത യുദ്ധ പരാമർശമൊക്കെ വൻ പരാജയത്തിലേക്ക് എത്തിയെന്ന് ഇനിയെങ്കിലും കേന്ദ്രത്തിന് സമ്മതിക്കേണ്ടതായി വരും.

Share this story