ആഭ്യന്തര വിമാന യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ആഭ്യന്തര വിമാന യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. വിമാനയാത്രക്ക് ശേഷം ക്വാറന്റൈൻ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പുവരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുന്നത്.

എല്ലാ യാത്രക്കാർക്കും ആരോഗ്യ സേതു നിർബന്ധമാണ്. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ ആരംഭിച്ചത്. സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. ആദ്യഘട്ടത്തിൽ മൂന്നിലൊന്ന് സർവീസുകളാണ് ആരംഭിക്കുന്നത്. ബോർഡർ പാസ് ഉൾപ്പെടെ ഓൺലൈൻ വഴിയാണ്.

കൗണ്ടർ ചെക്കിൻ ഉണ്ടാകില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. 40 മിനിറ്റ് തുടങ്ങി മൂന്നര മണിക്കൂർ വരെയുള്ള യാത്രാ സമയത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാനാകുന്ന നിരക്കാണ് ടിക്കറ്റിന് ഈടാക്കൂവെന്നും മന്ത്രി പറഞ്ഞു

ഡൽഹി-മുംബൈ യാത്രക്ക് 3500 രൂപയാണ് മിനിമം ചാർജ്. കൂടിയ ചാർജ് പതിനായിരം രൂപയാണ്. കൂടിയ നിരക്കും കുറഞ്ഞ നിരക്കും നിജപ്പെടുത്തും. മൂന്ന് മാസത്തേക്കാണ് ഈ സംവിധാനം പ്രഖ്യാപിക്കുന്നത്. നാൽപ്പത് ശതമാനം സീറ്റുകൾ പകുതി നിരക്കിന് താഴെ നൽകുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.

Share this story