ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ

ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ

വീടുകളിൽ ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിലുള്ള എല്ലാവർക്കും ഇതു ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ എല്ലാ ദിവസം നിർബന്ധമായി ആരോഗ്യനില ഓൺലൈനായി സ്വയം റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.

കൊവിഡ് നിർവ്യാപനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വ്യത്യസ്ത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾക്കായി സിഡിറ്റ് തയാറാക്കിയ സംവിധാനത്തിലേക്ക് മാറുന്നതിനു വേണ്ടി ഇവയെല്ലാം ഏകോപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് വീടുകളിൽ ക്വാറന്റീനിലുള്ളവർക്ക് ഓൺലൈൻ നിരീക്ഷണ സംവിധാനം നിർബന്ധമാക്കിയത്. എല്ലാ ദിവസവും ഇവർ മൊബൈൽ വഴിയോ കമ്പ്യൂട്ടർ ഉപയോഗിച്ചോ ആരോഗ്യനില സ്വയം റിപ്പോർട്ട് ചെയ്യണം.

മരുന്നും ഭക്ഷണവും സുരക്ഷയും ലഭ്യമാക്കുന്നതിനും രോഗബാധിതർ വഴി രോഗവ്യാപനമുണ്ടാകില്ലെന്ന് ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നാണ് വിലിയിരുത്തൽ. ഇക്കാര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പൂർണ പിന്തുണ ഉണ്ടാകണം.

മറ്റു സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവരും ക്വാറന്റീൻ കാലയളവ് പൂർത്തീകരിക്കണം. നോർക്ക വഴിയും ജാഗ്രത പോർട്ടൽ വഴിയും രജിസ്റ്റർ ചെയ്ത് എത്തിയവരുടെ വിവരങ്ങൾ ഉള്ളതിനാൽ ദൈനംദിന വിവരങ്ങൾ മാത്രം നൽകിയാൽ മതി.

എന്നാൽ മുൻ രജിസ്‌ട്രേഷനില്ലാതെ വന്നവർ അവരുടെ പ്രാഥമിക വിവരങ്ങൾ കൂടി ഒറ്റത്തവണയായി നൽകണം. സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയാത്തവരുടെ വിവരങ്ങൾ ആരോഗ്യപ്രവർത്തകർ ശേഖരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Share this story