രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; 24 മണിക്കൂറിനിടെ 6387 പേർക്ക് രോഗബാധ, മരണം 4337

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; 24 മണിക്കൂറിനിടെ 6387 പേർക്ക് രോഗബാധ, മരണം 4337

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയർന്നു. 170 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്, രാജ്യത്ത് മരണസംഖ്യ ഇതോടെ 4337 ആയി ഉയർന്നു.

ഇത് വരെ  64426 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവിൽ 83004 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ രോഗികൾ ഇത് വരെ 54758 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇത്  വരെ 1792 പേർ മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചു.

കൊവിഡ് വ്യാപനം ഒരോ ദിവസവും ശക്തിപ്പെടുന്നതിനിടെ നാലാം ഘട്ട ലോക്ക് ഡൗൺ ഞായറാഴ്ച അവസാനിക്കും. ലോക്ക് ഡൗൺ അവസാനിപ്പിക്കണോ അതോ രോ​ഗവ്യാപനം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് അ‍ഞ്ചാം ഘട്ടത്തിലേക്ക് നീട്ടണോ എന്ന കാര്യത്തിൽ കേന്ദ്രസ‍ർക്കാ‍ർ ആലോചന തുടരുകയാണ്.

അതേസമയം കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഐ സി എം ആർ വിപുലീകരിച്ചു. ആരോഗ്യ പ്രവർത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാ‍ർ, കച്ചവടക്കാ‍ർ എന്നിവരെ കൂടി കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ ഐസിഎംആർ നിർദേശിച്ചു. നേരത്തെ ആരോഗ്യ പ്രവർത്തകരെയും, കുടിയേറ്റ തൊഴിലാളികളെയും പരിശോധിക്കാനായിരുന്നു നിർദ്ദേശം. അതിനിടെ സ്കൂളുകളോ ,കോളേജുകളോ തുറക്കാൻ അനുമതിയില്ലന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ആവ‍ർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയെന്ന റിപ്പോർട്ടുകളും മന്ത്രാലയം തള്ളി.

പ്രവാസികൾക്ക് മടങ്ങി എത്തിയാൽ സർക്കാർ കേന്ദ്രങ്ങളിൽ ഏഴ് ദിവസത്തെ നിരീക്ഷണം മാത്രം മതിയെന്ന് കേന്ദ്രസ‍ർക്കാർ വീണ്ടും വ്യക്തമാക്കി. സ‍ർക്കാ‍ർ നിരീക്ഷണത്തിൽ ഏഴ് ദിവസം നിന്ന ശേഷം പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ഹോട്ടലുകൾ 14 ദിവസത്തെ പണം ഈടാക്കിയെങ്കിൽ തിരിച്ചു നൽകണമെന്നും കേന്ദ്രം വ്യക്തമാക്കി.

Share this story