‘കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുന്നു’; ഐ.സി.എം.ആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സംസ്ഥാനം പാലിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍

‘കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുന്നു’; ഐ.സി.എം.ആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സംസ്ഥാനം പാലിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍

കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേസുകള്‍ കുറച്ചു കാണിക്കുന്നതിനായി സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിക്കുകയാണെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹിക വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തു നിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. വീഴ്ച മറയ്ക്കുന്നതിനായി പ്രവാസികളെ കരുവാക്കുകയാണ് സര്‍ക്കാര്‍. സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചു കാണിച്ചത്. പരിശോധനയുടെ കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളമെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് പതിനാലു ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈന്‍ വേണമെന്നു കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ ഏഴു ദിവസം മതിയെന്നാണ് കേരളം പറഞ്ഞത്. ഹോം ക്വാറന്റൈന്‍ കേരളം വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും ലോകം അത് അംഗീകരിച്ചതാണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ ഹോം ക്വാറന്റൈന്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണ്. നാനൂറു കേസുകളാണ് ഇതുവരെ എടുത്തത്. ഹോം ക്വാറന്റൈന്‍ എന്ന കേരള മോഡല്‍ ഫലപ്രദമല്ലെന്നാണ് അതിനര്‍ത്ഥം- മുരളീധരന്‍ പറഞ്ഞു.

Share this story