ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍; കേന്ദ്രത്തിന് കത്തയച്ചു

ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍; കേന്ദ്രത്തിന് കത്തയച്ചു

രാജ്യത്ത് ജൂൺ ഒന്ന് മുതൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന് കത്തയച്ചു. രാജസ്ഥാൻ, ഛത്തിസ്ഗഢ്, ബംഗാൾ, ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കത്തയച്ചത്.

കുടിയേറ്റ തൊഴിലാളികൾക്കായി അനുവദിച്ച സ്‌പെഷ്യൽ ട്രെയിനായ ശ്രമിക് ട്രെയിൻ സർവീസ് പൂർത്തിയാക്കിയിട്ട് സാധാരണ സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. ഇന്ന് സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തും. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്

കർണാടകയിൽ നിന്നുള്ള പതിനാറ് ശ്രമിക് ട്രെയിനുകൾ ഇതിനിടെ റദ്ദാക്കി. ബിഹാർ, ഉത്തർപ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. യാത്രക്കാർ കുറവായതു കൊണ്ടാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയിൽവേ പറയുന്നു.

ഇതുവരെ 167 ട്രെയിനുകളിലായി രണ്ടര ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കർണാടകയിൽ നിന്നും നാടുകളിലേക്ക് മടങ്ങിയത്. ഇനിയും നാലര ലക്ഷത്തോളം പേർ മടങ്ങാനായി ബാക്കിയുണ്ട്. ഇതിനിടയിലാണ് യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്.

അതേസമയം കൂടുതൽ സംസ്ഥാനങ്ങൾ ഇളവുകൾ ആവശ്യപ്പെട്ടും രംഗത്തുവന്നിട്ടുണ്ട്. മാളുകൾ തുറക്കാൻ അനുവദിക്കണമെന്ന് കർണാടകയും ഡൽഹിയും ആവശ്യപ്പെട്ടു. റസ്റ്റോറന്റുകൾക്ക് അനുമതി നൽകണമെന്നാണ് ഗോവ ആവശ്യമുന്നയിച്ചിരിക്കുന്നത്.

Share this story