കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണം; ഭക്ഷണവും ഉറപ്പ് വരുത്തണമെന്ന്‌ സുപ്രീം കോടതി ഉത്തരവ്

കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണം; ഭക്ഷണവും ഉറപ്പ് വരുത്തണമെന്ന്‌ സുപ്രീം കോടതി ഉത്തരവ്

ലോക്ക് ഡൗണിൽ കുടുങ്ങി മടക്കയാത്രക്കായി നിൽക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രസർക്കാർ വഹിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബഞ്ചിന്റേതാണ് വിധി.

തൊഴിലാളികൾ റോഡിലൂടെ നടന്നു പോകുന്നത് കണ്ടാൽ അവരെ അടുത്തുള്ള ക്യാമ്പിലേക്ക് മാറ്റി അവിടെ നിന്നും സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു. യാത്രക്കൂലി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം റെയിൽവേ കൂടി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

ഏത് സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത്, ആ സംസ്ഥാനമാണ് ആദ്യ ദിവസത്തെ ഭക്ഷണം ഉറപ്പാക്കേണ്ടത്. മറ്റ് ദിവസങ്ങളിലെ ഭക്ഷണം റെയിൽവേയും ഉറപ്പു വരുത്തണം. കുടിവെള്ളവും റെയിൽവേ നൽകണം. മടങ്ങാനാഗ്രഹിക്കുന്ന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഏറ്റവും വേഗം പൂർത്തിയാക്കണം. തീവണ്ടികളുടെ എണ്ണം വർധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Share this story